ന്യൂഡൽഹി: സെപ്റ്റംബർ 12ന് നിശ്ചയിച്ച NEET-UG പരീക്ഷ മാറ്റിവയ്ക്കണം എന്നാവശ്യപ്പെട്ട് നാഷണൽ സ്റ്റുഡന്റ് യൂണിയൻ ഓഫ് ഇന്ത്യ രംഗത്ത്. പരീക്ഷ മാറ്റണം എന്ന് ചൂണ്ടിക്കാട്ടി സംഘടനയുടെ ദേശീയ പ്രസിഡന്റ് നീരജ് കുന്ദൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്തെഴുതി. നീറ്റ് യുജി പ്രവേശന പരീക്ഷയുടെ തീയതി മാറ്റണമെന്നാണ് നാഷണൽ സ്റ്റുഡന്റ് യൂണിയൻ ഓഫ് ഇന്ത്യയുടെ (NSUI) ആവശ്യം. വിദ്യാർത്ഥികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പരാമർശിച്ചാണ് കത്ത്. നീറ്റ് യുജി പ്രവേശന പരീക്ഷ പലതവണ മാറ്റിവച്ചതിനാൽ വിദ്യാർത്ഥികൾ മാനസിക സമ്മർദ്ദം നേരിടുന്നുവെന്ന് എൻഎസ്‌യുഐ പറയുന്നു.
പന്ത്രണ്ടാം ക്ലാസിന് ശേഷം വിദ്യാർത്ഥികൾ അവരുടെ കരിയർ കെട്ടിപ്പടുക്കുന്നതിനായി നിരവധി പരീക്ഷകൾക്ക് തയ്യാറെടുക്കുകയാണ്. പല പരീക്ഷകളും ഒരേ സമയത്താണ് നടത്തുന്നത്. ഇത് വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ടാണ്. നീറ്റ് പരീക്ഷ സെപ്റ്റംബർ 12നാണ്. അതിനു മുൻപും ശേഷവും മറ്റുപരീക്ഷകൾ ഉണ്ട്. അവർക്കു അത് ബുദ്ധിമുട്ട്വി ഉണ്ടാക്കും. വിദ്യാർത്ഥികളാണ് നമ്മുടെ രാജ്യത്തിന്റെ ഭാവി, അതിനാൽ അവരുടെ ഭാവി നമ്മൾ ശ്രദ്ധിക്കണം. നീറ്റ്-യുജിയിലേക്കുള്ള പ്രവേശനം പല വിദ്യാർത്ഥികളുടെയും സ്വപ്നമാണ്, അതിനാൽ വിദ്യാർത്ഥികളുടെ സ്വപ്നങ്ങൾ തകർക്കരുതെന്നും കത്തിൽ പറയുന്നു.