കോട്ടയം: എംജി സർവകലാശാലയ്ക്ക് കീഴിലുള്ള എയ്ഡഡ്/ സ്വാശ്രയ ടീച്ചേഴ്സ് ട്രെയിനിംഗ് കോളജുകളിലെ ഏകജാലകം വഴിയുള്ള ഒന്നാം വർഷ ബി.എഡ്. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ സെപ്തംബർ 6ന് അവസാനിക്കും. പ്രവേശനസാധ്യത അലോട്മെന്റ് സെപ്തംബർ 10നും ഒന്നാം അലോട്മെന്റ് സെപ്തംബർ 16നും പ്രസിദ്ധീകരിക്കും. ഒന്നാം വർഷ ബി.എഡ്. ക്ലാസുകൾ സെപ്തംബർ 30ന് ആരംഭിക്കും.
മാനേജ്മെന്റ്, കമ്മ്യൂണിറ്റി വിഭാഗത്തിന് സംവരണം ചെയ്ത സീറ്റുകൾ എന്നിവയിലേക്ക് അപേക്ഷിക്കുന്നവർ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിക്കുകയും അപേക്ഷ നമ്പർ പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ അപേക്ഷ സമർപ്പിക്കുന്ന സമയത്ത് നൽകേണ്ടതുമാണ്. ഏകജാലകത്തിലൂടെ അപേക്ഷിക്കാത്തവർക്ക് മാനേജ്മെന്റ്, കമ്യൂണിറ്റി ക്വാട്ടകളിലേക്ക് അപേക്ഷിക്കാൻ കഴിയില്ല.
വികലാംഗ/സ്പോർട്സ് ക്വാട്ട വിഭാഗങ്ങളിൽ സംവരണം ചെയ്ത സിറ്റുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കണം. പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് സർവകലാശാല പ്രസിദ്ധീകരിക്കുന്നതും രേഖകളുടെ പരിശോധന കോളേജുകളിൽ ഓൺലൈനായി നടത്തുന്നതുമാണ്.
കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിൽ പൂർണമായും ഓൺലൈൻ സംവിധാനത്തിൽ നടത്തുന്നതിനാൽ അപേക്ഷകർ സാക്ഷ്യപത്രങ്ങളുടെ ഡിജിറ്റൽ പകർപ്പ് അപേക്ഷയോടൊപ്പം അപ് ലോഡ് ചെയ്യണം. പ്രോസ്പെക്ടസിൽ പറയുന്ന പ്രകാരം സംവരണാനുകൂല്യത്തിനാവശ്യമായ സാക്ഷ്യപത്രങ്ങളാണ് അപ് ലോഡ് ചെയ്തിരിക്കുന്നതെന്ന് അപേക്ഷകൻ ഉറപ്പുവരുത്തണം. അല്ലാത്തപക്ഷം പ്രവേശനം റദ്ദാക്കപ്പെടാൻ സാധ്യതയുണ്ട്.
പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെടുന്നവർ സംവരണാനുകൂല്യം തെളിയിക്കുന്നതിനായി ജാതി സർട്ടിഫിക്കറ്റും എസ്.ഇ.ബി.സി./ ഒ.ഇ.സി. വിഭാഗത്തിൽ ഉൾപ്പെടുന്നവർ ജാതി സർട്ടിഫിക്കറ്റും വരുമാന സർട്ടിഫിക്കറ്റും ഒരു ഫയലായി അപ്ലോഡ് ചെയ്യുകയോ ഇതിനു പകരമായി നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യുകയോ വേണം. ഇ.ഡബ്ല്യു.എസ്. വിഭാഗത്തിൽ ആനുകൂല്യം അവകാശപ്പെടുന്നവർ \’ഇൻകം ആന്റ് അസറ്റ്സ് സർട്ടിഫിക്കറ്റ്\’ അപ് ലോഡ് ചെയ്യണം. സംവരണാനുകൂല്യം ആവശ്യമില്ലാത്ത പിന്നാക്ക വിഭാഗത്തിൽപ്പെടുന്നവർക്ക് പൊതുവിഭാഗം സെലക്ട് ചെയ്യുകയോ വരുമാനം എട്ട് ലക്ഷത്തിൽ കൂടുതലായി നൽകിയതിനുശേഷം സംവരണം ആവശ്യമില്ല എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുകയോ ചെയ്യാം. എൻ.സി.സി./എൻ.എസ്.എസ്. എന്നീ വിഭാഗങ്ങളിൽ ബോണസ് മാർക്ക് ക്ലെയിം ചെയ്യുന്നവർ ബിരുദ തലങ്ങളിലെ സാക്ഷ്യപത്രങ്ങളാണ് അപ്ലോഡ് ചെയ്യേണ്ടത്. ഇതേപോലെ തന്നെ വിമുക്തഭടൻ/ ജവാൻ എന്നിവരുടെ ആശ്രിതർക്ക് ലഭ്യമാവുന്ന ബോണസ് മാർക്കിനായി ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ നിന്നും ലഭ്യമാവുന്ന സാക്ഷ്യപത്രം ലഭ്യമാക്കേണ്ടതാണ്. ഇതിനായി ആർമി/ നേവി/ എയർഫോഴ്സ് എന്നീ വിഭാഗങ്ങളെ മാത്രമേ പരിഗണിക്കുകയുള്ളൂ.
രജിസ്ട്രേഷൻ ഫീസ് എസ്.സി./എസ്.ടി. വിഭാഗത്തിന് 625 രൂപയും മറ്റുള്ളവർക്ക് 1250 രൂപയുമാണ്. ഓൺലൈൻ രജിസ്ട്രേഷനായി cap.mgu.ac.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക. ക്യാപ് സംബന്ധമായ എല്ലാ വിവരങ്ങളും ഈ വെബ് സൈറ്റിൽ ലഭിക്കും.