തിരുവനന്തപുരം: കഴിഞ്ഞ 10വർഷം പാഠപുസ്തകങ്ങൾ വിതരണം ചെയ്ത ഇനത്തിൽ സ്കൂളുകൾ നൽകാനുള്ളത് 11 കോടിയോളം രുപ. ഈ കുടിശ്ശിക പണം സ്കൂളുകൾ ഉടൻ അടച്ചുതീർക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചു. ഈ മാസം 25നു മുൻപ് കുടിശിക തീർക്കണമെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ സ്കൂളുകൾക്ക് നിർദേശം നൽകിയിട്ടുള്ളത്. ഈ മാസം 9 വരെയുള്ള കുടിശികയുടെ വിവരങ്ങളാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ടത്. പാഠപുസ്തകങ്ങൾ നൽകിയതിൽ വൻ കുടിശ്ശിക ഉണ്ടെന്ന് ചൂണ്ടിക്കാട്ടി സി-ആപ്റ്റ് കഴിഞ്ഞ ദിവസം പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് കത്ത് നൽകിയിരുന്നു. ഇതേ
തുടർന്നാണ് കുടിശികക്കാരുടെ പട്ടിക പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ടത്. കുടിശിക തുക 25നു മുൻപ് അടച്ച് ചലാൻ പകർപ്പ് സി-ആപ്റ്റിലും പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലും നൽകണമെന്നാണ് നിർദേശം.
ആയിരത്തിലധികം ഹയർ സെക്കൻഡറി സ്കൂളുകളാണ് മുൻ വർഷങ്ങളിൽ വില്പന നടത്തിയ പുസ്തകങ്ങളുടെ പണം
നൽകാനുള്ളത്. 2009 മുതൽ കുടിശികയുള്ള സ്കൂളുകളും ഇതിൽ ഉണ്ട്. ഒരു സ്കൂൾ നൽകാനുള്ളത് 9 ലക്ഷത്തിലധികം രൂപയാണ്. പുസ്തകങ്ങളുടെ പണം
കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ്
പിന്റിങ് ആൻഡ് ട്രെയിനിങ്ങിൽ അടയ്ക്കണമെന്നായിരുന്നു നിർദേശം. സി-ആപ്റ്റ് നൽകിയ കുടിശിക കണക്കിൽ വ്യത്യാസമുണ്ടെങ്കിൽ രേഖകൾ സഹിതം പ്രിൻസിപ്പൽമാർ അറിയിക്കണമെന്നും വിദ്യഭ്യാസ വകുപ്പ് നിർദേശിച്ചു. ഓരോ സ്കൂളും സി-ആപ്റ്റ് പറയുന്ന കുടിശിക തുകയും സ്കൂൾ രേഖകളിലെ തുകയും തമ്മിൽ വ്യത്യാസമുണ്ടെങ്കിൽ അറിയിക്കണം. നേരത്തേ പണം അടച്ചിട്ടുണ്ടെങ്കിൽ അതിന്റെ ചലാൻ പകർപ്പ് സഹിതം ഓരോ വർഷവും അടച്ച പണം, കുടിശിക എന്നിവയുടെ കണക്കും അനുബന്ധ രേഖകളും നൽകണമെന്നും നിർദേശമുണ്ട്.
