തിരുവനന്തപുരം: സംസ്ഥാനത്തെ
സർവകലാശാലകളിലെയും കോളജുകളിലെയും നിലവിലെ ഓൺലൈൻ
പഠനരീതി ആധുനിക ഡിജിറ്റൽ സാങ്കേതിക വിദ്യയിലേക്ക് മാറുന്നു. പുതിയ ലേണിങ് മാനേജ്മെന്റ് സിസ്റ്റമാണ് ഒരുക്കുന്നത്.
നിലവിലെ ഓൺലൈൻ പഠനരീതി പൂർണ്ണമായും ഉടച്ചുവാർക്കും. വിഡിയോ കോൺഫറൻസിന് സമാനമായ രീതിയിലുള്ള നിലവിലെ ക്ലാസുകൾക്ക്പ കരം ഗ്രൂപ്പ് ചർച്ചകളും മൾട്ടിമീഡിയ സാധ്യതകൾ ഉപയോഗിചുള്ള ഡിജിറ്റൽ ക്ലാസ് മുറികളും ഒരുങ്ങും. നേരിട്ടുള്ള ക്ലാസിന്റെ അനുഭവം വിദ്യാർത്ഥികൾക്ക് ലഭ്യമാക്കാനാണ് ശ്രമം.

തിരുവനന്തപുരം കോളജ് ഓഫ്
എൻജിനീയറിങ്ങിലും തലശ്ശേരി
ബ്രണ്ണൻ കോളജിലുമാണ് ആദ്യഘട്ടത്തിൽ പുതിയ പഠന സംവിധാനം
നടപ്പാക്കുക. ഇതിന് മുന്നോടിയായി സിഇടി
അധ്യാപകർക്ക് പരിശീലനം നൽകി കഴിഞ്ഞു. ആദ്യഘട്ടത്തിൽ ഉൾപ്പെട്ട
ബ്രണ്ണൻ കോളജിലും ഉടൻ പരിശീലനം പൂർത്തിയാക്കും.

സ്ഥാപനങ്ങൾക്കു സ്വകാര്യത
നിലനിർത്തി സ്വന്തം ടൈംടേബിളിൽ
ക്ലാസെടുക്കാം. ക്ലാസുകളിൽ
വിദ്യാർഥികൾക്കല്ലാതെ മറ്റാർക്കും
പ്രവേശിക്കാനാവില്ല. വിദ്യാർത്ഥികൾക്ക് പ്രത്യേകം ഐ ഡി നൽകും. ലാപ്ടോപ്പോ
മൊബൈൽ ഫോണോ ഉപയോഗിച്ച് ക്ലാസിൽ പങ്കെടുക്കാം. ക്ലാസുകൾക്ക് ശേഷമുള്ള പരീക്ഷയും ഓൺലൈനിലാക്കുമെന്നാണ് സൂചന.
കോളജുകളിലെ മൂല്യനിർണയം
സർവകലാശാലകളിലേക്കു റിപ്പോർട്ട്
ചെയ്യുന്നതും ഡിജിറ്റൽ സംവിധാനത്തിലൂടെ ആകും. അടുത്ത വർഷത്തോടെ ആരോഗ്യ സർവകലാശാല ഉൾപ്പെടെ എല്ലായിടത്തും മാറ്റം നടപ്പാക്കും.