തിരുവനന്തപുരം: പട്ടികവർഗ വിഭാഗത്തിൽപ്പെട്ട കുട്ടികൾ നേരിടുന്ന പഠന പ്രതിസന്ധികൾ മറികടക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപടി എടുക്കണമെന്ന് മന്ത്രി എം.വി ഗോവിന്ദൻ.
എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളും വിദ്യാഭ്യാസ സമിതികൾ പുന:സംഘടിപ്പിച്ച് പ്രവർത്തനം ഊർജ്ജിതമക്കണം. പ്രാദേശികമായി ലഭ്യമാകുന്ന വിദഗ്ധരുടെയും എസ്.ടി പ്രമോട്ടർമാരുടെയും കുടുംബശ്രീ റിസോഴ്‌സ് ഗ്രൂപ്പ് അംഗങ്ങളുടെയും സാക്ഷരതാ പ്രേരക്മാരുടെയും സേവനങ്ങൾ വിദ്യാഭ്യാസ സമിതികൾ ഉപയോഗപ്പെടുത്തണം.
നിലവിലുള്ള അവസ്ഥ വാർഡ് തലത്തിൽ വിശകലനം ചെയ്ത് ജനകീയാസൂത്രണത്തിന്റെ ഭാഗമായി യാഥാർത്ഥ്യമാക്കിയ പഠന വീടുകൾ, പഠനകേന്ദ്രങ്ങൾ തുടങ്ങിയവയുടെ പോരായ്മകൾ മനസിലാക്കി അവ വിദ്യാർഥികൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ മാറ്റിയെടുക്കാൻ സ്‌കൂൾതല ആക്ഷൻ പ്ലാനുകൾ സമയബന്ധിതമായി തയ്യാറാക്കണം
. ഇത്തരം തിട്ടപ്പെടുത്തലുകളും ഭാവി പ്രവർത്തനങ്ങളും ആസൂത്രണം ചെയ്യുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ മേധാവികൾ ഓൺലൈനായി പി.ഇ.സി യോഗം വിളിച്ചുകൂട്ടണമെന്ന് മന്ത്രി നിർദേശിച്ചു.
ENGLISH PLUS https://wa.me/+919895374159
പട്ടികവർഗ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് പഠനോപകരണ ലഭ്യതയും ഇന്റർനെറ്റ് സൗകര്യവും സമയബന്ധിതമായി ലഭ്യമാക്കണം. പഠനത്തിനായി ഉപയോഗിക്കുന്ന ഉപകരണങ്ങൾക്കോ ഇന്റർനെറ്റ്, വൈദ്യുതി സേവനങ്ങൾക്കോ തടസമുണ്ടാകാതിരിക്കാൻ പ്രാദേശിക സർക്കാരുകൾ സന്നദ്ധസേവകരെ ഒരുക്കണം.
പട്ടികവർഗ ഉപപദ്ധതി വിഹിതം ഉപയോഗിച്ച് കുട്ടികളുടെ പോഷണ നിലവാരം മെച്ചപ്പെടുത്താൻ നിർദേശം നൽകിയിട്ടുണ്ട്. കുട്ടികൾക്ക് ആവശ്യമെങ്കിൽ കൗൺസിലിംഗ് നൽകാനും അവരുടെ മാനസികോല്ലാസം ഉറപ്പുവരുത്താനും കലാ-കായിക ശേഷികൾ വർധിപ്പിക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുന്നോട്ടുവരുമെന്ന് മന്ത്രി വ്യക്തമാക്കി.