തിരുവനന്തപുരം: സംസ്ഥാനത്തെ പോളിടെക്നിക്കുകളിലെ പ്രിൻസിപ്പൽ നിയമനത്തിനുള്ള സീനിയോറിറ്റി പട്ടികയിൽ പലരും അടിസ്ഥാന യോഗ്യത ഇല്ലാത്തവരെന്ന് ആരോപണം. പോളിടെക്നിക് കോളജുകളിൽ പ്രിൻസിപ്പലാവാൻ എഐസിടിഇ മാനദണ്ഡപ്രകാരം എം.ടെക്. ബിരുദം വേണമെന്നാണ് ചട്ടം. എന്നാൽ ഇപ്പോൾ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ സീനിയോറിറ്റി ലിസ്റ്റിൽ ബി.ടെക്കുകാരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ആരോപണം. അംഗീകാരമില്ലാത്ത സർവകലാശാലയിൽ നിന്ന് എംടെക് നേടിയവരും ഉൾപ്പെട്ടിട്ടുണ്ടെന്നും പരാതിയുണ്ട്.
പോളിടെക്നിക്കുകളിൽ പ്രിൻസിപ്പൽമാരായി നിയമിക്കുന്നവർക്ക് ചട്ടപ്രകാരമുള്ള യോഗ്യത ഉണ്ടാവണമെന്ന ഹൈക്കോടതി, അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവുകൾ മാനിക്കാതെയാണ് സീനിയോറിറ്റി പട്ടിക തയ്യാറാക്കിയതെന്നാണ് ആക്ഷേപം.