തിരുവനന്തപുരം: മെഡിക്കൽ കോളജുകളുടെ പ്രവർത്തന ചിലവ്, പരിപാലനച്ചെലവ് എന്നിവ അടിസ്ഥാനമാക്കി, ഒരുവിധ തലവരിയും ഈടാക്കാതെ മെഡിക്കൽ ഫീസ് നിർണ്ണയിക്കണമെന്ന നിർദേശങ്ങളുമായി ദേശീയ മെഡിക്കൽ കമ്മിഷൻ. മെഡിക്കൽ വിദ്യാഭ്യാസരംഗത്ത് ലാഭം ലക്ഷ്യമിടരുതെന്ന് ചൂണ്ടിക്കാട്ടി മെഡിക്കൽ കമ്മിഷൻ ഫീസ് മാനദണ്ഡങ്ങളുടെ കരട് പുറത്തിറക്കി.
എംബിബിഎസ്, മെഡിക്കൽ പിജി കോഴ്സുകൾ അടക്കമുള്ളവയുടെ ഫീസ് സംബന്ധിച്ച മാനദണ്ഡങ്ങളാണ് പ്രസിദ്ധീകരിച്ചത്. നിലനിൽപ്പിനല്ലാതെ ലാഭം ലക്ഷ്യമാക്കി കോളജുകൾ, സർവകലാശലകൾ എന്നിവ പ്രവർത്തിക്കരുത്. അമിതമായ കോഷൻ ഡെപ്പോസിറ്റ് വാങ്ങരുത്. ഈ തുകയുടെ പലിശയും ഫീസ് നിർണയത്തിൽ കണക്കാക്കണം തുടങ്ങി ഒട്ടേറെ നിർദേശങ്ങൾ കരടിലുണ്ട്.