ഉന്നതവിദ്യാഭ്യാസമേഖലയില്‍ മികവിന്റെ കേന്ദ്രങ്ങള്‍ ഉയര്‍ന്നു വരണം; മുഖ്യമന്ത്രി

കൊച്ചി: ഉന്നതവിദ്യാഭ്യാസമേഖലയില്‍ മികവിന്റെ കേന്ദ്രങ്ങള്‍ ഉയര്‍ന്നു വരണം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ നവകേരളം യുവകേരളം പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉന്നത വിദ്യാഭ്യാസ മേഖല ജനസംഖ്യാനുപാതികമായി ഭാവിയില്‍ വിപുലപ്പെടുത്തേണ്ടതിന്റെ അനിവാര്യത അദ്ദേഹം ചൂണ്ടിക്കാട്ടി.

അഞ്ചു സര്‍വകലാശാലകളില്‍ നിന്നായി 200 വിദ്യാര്‍ത്ഥികളാണ് പരിപാടിയില്‍ പങ്കെടുത്തത്. അതില്‍ 33 പേര്‍ മുഖ്യമന്ത്രിക്കു മുന്നില്‍ ആശയങ്ങള്‍ അവതരിപ്പിച്ചു. കോവിഡ് മൂലം പ്രതിസന്ധിയിലായ വീട്ടമ്മമാര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കണം എന്നതായിരുന്നു നിയമ സര്‍വകലാശാല വിദ്യാര്‍ത്ഥി ആനന്ദിന്റെ ആവശ്യം. വീട്ടമ്മമാരുടെ തൊഴില്‍ ശേഷി ഉപയോഗപ്പെടുത്തുന്നതിന് വെബ് പോര്‍ട്ടല്‍ മുഖേന അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതിനുള്ള നടപടികളാരംഭിച്ചിട്ടുണ്ട്. വീട്ടിലിരുന്ന് ജോലിചെയ്യാന്‍ നിര്‍ബന്ധിതരായവര്‍ക്ക് പങ്കിട്ടു ഉപയോഗിക്കാവുന്ന പൊതു തൊഴിലിടം ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പല സ്‌കോളര്‍ഷിപ്പുകള്‍ ഏകീകരിച്ച് ഒരു പദ്ധതിയായി നടപ്പാക്കണമെന്ന കൊച്ചി സര്‍വകലാശാല വിദ്യാര്‍ഥിനി രേഷ്മയുടെ ആവശ്യവും പഠനത്തിനൊപ്പം വെര്‍ച്വല്‍ ഓഫീസ് സൗകര്യമൊരുക്കണമെന്ന എംപി മനുവിന്റെ ആവശ്യവും സര്‍വകലാശാലകളുമായി ചര്‍ച്ചചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി. പരീക്ഷ കലണ്ടര്‍ ഏകീകരിക്കണമെന്ന് കുഫോസ് വിദ്യാര്‍ഥി രാഹുല്‍ കൃഷ്ണ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഇക്കാര്യം നടപ്പിലാക്കിത്തുടങ്ങിയതായി മുഖ്യമന്ത്രി അറിയിച്ചു. സര്‍വ്വകലാശാലകളുടെ ഓഫീസ് പ്രവര്‍ത്തനവും കുറ്റമറ്റതാക്കും. സിവില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനത്തിനായി സര്‍ക്കാര്‍ വകുപ്പുകളില്‍ അവസരം നല്‍കണമെന്നായിരുന്നു കൊച്ചി സര്‍വകലാശാലയിലെ അശ്വതി എം ബാബുവിന്റെ ആവശ്യം. തദ്ദേശസ്വയംഭരണ വകുപ്പില്‍ ഇപ്പോള്‍ തന്നെ ഇതിന് അവസരമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആദിവാസി ചോലനായ്ക്കര്‍ വിഭാഗത്തില്‍ നിന്നുള്ള ആദ്യ ഗവേഷണ വിദ്യാര്‍ത്ഥിയായ കൊച്ചി സര്‍വ്വകലാശാലയിലെ സി. വിനോദ് സംവാദത്തില്‍ പങ്കെടുത്ത് സംസാരിച്ചു. ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് നൈപുണ്യ വികസനത്തിന് പദ്ധതി വേണമെന്നായിരുന്നു വിനോദിന്റെ ആവശ്യം. ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മത്സ്യകൃഷി വീട്ടുവളപ്പിലേക്ക് വ്യാപിപ്പിക്കും. കോഴ്‌സുകളിലേക്കുള്ള പ്രവേശന നടപടിക്രമം സമഗ്രമായി പുന:സംവിധാനം ചെയ്യണമെന്ന ആവശ്യം പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഭാവി വികസനവുമായി ബന്ധപ്പെട്ട നിരവധി ആശയങ്ങള്‍ വിദ്യാര്‍ത്ഥികള്‍ സംവാദത്തില്‍ ഉന്നയിച്ചു. ഓരോ ആശയങ്ങളും പ്രത്യേകമായി പരാമര്‍ശിച്ച് മുഖ്യമന്ത്രി മറുപടി നല്‍കുകയും ചെയ്തു.

Share this post

scroll to top