പ്രൈം മിനിസ്റ്റേഴ്‌സ് റിസര്‍ച്ച് ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു

ന്യൂഡൽഹി: ശാസ്ത്ര സാങ്കേതിക മേഖലയിൽ ദേശീയതല സ്ഥാപനങ്ങളിൽ ഗവേഷണം നടത്തുന്ന ഗവേഷകർക്ക് ഫണ്ടിങ് ലഭിക്കുന്ന പ്രൈം മിനിസ്റ്റേഴ്സ് റിസർച്ച് ഫെലോസ് (പി.എം.ആർ.എഫ്.) പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 55 ലക്ഷം രൂപ വരെയാണ് ഗവേഷകർക്ക് ഫെലോഷിപ്പ് ലഭിക്കുക. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കേന്ദ്ര സർവകലാശാലകൾ ഉൾപ്പടെയുള്ള ഇന്ത്യയിലെ മുൻനിര സ്ഥാപനങ്ങളിൽ ഗവേഷണം നടത്തുന്ന ഗവേഷകർക്കാണ് ഫെലോഷിപ്പ് ലഭിക്കുക. ഗവേഷണ സ്ഥാപനങ്ങളുടെ പൂർണ പട്ടിക https://dec2020.pmrf.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. ഗവേഷകർക്ക് അഞ്ചുവർഷം വരെ ഫെലോഷിപ്പ് ലഭിക്കും. നിർദേശിക്കപ്പെട്ട 38 പി.എം.ആർ.എഫ്. സ്ഥാപനങ്ങളുടെ നോമിനേഷനിൽ കൂടി മാത്രമേ ഗവേഷകനു ഫെലോഷിപ്പിനായി അപേക്ഷിക്കാൻ കഴിയൂ. ഡയറക്ട്, ലാറ്ററൽ എൻട്രി ചാനലുകൾ വഴി ഗവേഷകർക്ക് നാമനിർദേശത്തിനായി ശ്രമിക്കാം. ഡയറക്ട് എൻട്രി ചാനലിൽ വിദ്യാർഥി ആദ്യം പി.എം.ആർ.എഫ്. സ്ഥാപനത്തിൽ പിഎച്ച്.ഡി. പ്രവേശനം നേടണം. ഒരു പി.എം.ആർ.എഫ്. സ്ഥാപനത്തിൽ ഇതിനകം പിഎച്ച്.ഡി. പ്രവേശനം നേടിയ ഗവേഷകരെയാണ് ലാറ്ററൽ എൻട്രി വിഭാഗത്തിൽ പരിഗണിക്കുക. പരമാവധി രണ്ടു തവണയേ ലാറ്ററൽ എൻട്രി ചാനലിൽ ഒരാളെ പരിഗണിക്കുകയുള്ളൂ. അതത് സ്ഥാപനങ്ങൾക്ക് അവരുടെ വിദ്യാർഥികളെ പി.എം.ആർ.എഫ്. പദ്ധതിയിലേക്ക് നോമിനേറ്റ് ചെയ്യാം. നോമിനേഷൻ ലഭിച്ചു കഴിഞ്ഞാൽ അപേക്ഷ നൽകാനുള്ള ലിങ്ക് ഗവേഷകർക്ക് ലഭിക്കും. തുടർന്ന് നിർദിഷ്ട രേഖകൾ ഉൾപ്പെടുന്ന അപേക്ഷ വിദ്യാർഥികൾ നൽകണം. കൂടുതൽ വിവരങ്ങൾക്ക് https://dec2020.pmrf.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Share this post

scroll to top