കോട്ടയം: ഉന്നതവിദ്യാഭ്യാസത്തിന് സംസ്ഥാനത്ത് കൂടുതല്‍ സൗകര്യങ്ങളൊരുക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. കെ.ടി. ജലീല്‍. മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് തടയുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്ന് അദ്ദേഹം പറഞ്ഞു. മഹാത്മാഗാന്ധി സര്‍വകലാശാല ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റഗ്രേറ്റഡ് പ്രോഗ്രാംസ് ആന്റ് റിസര്‍ച്ച് ഇന്‍ ബേസിക് സയന്‍സസിലും ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മള്‍ട്ടി ഡിസിപ്ലിനറി പ്രോഗ്രാംസ് ഇന്‍ സോഷ്യല്‍ സയന്‍സസിലും നടത്തുന്ന ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കൂടുതല്‍ അധ്യാപക തസ്തികകള്‍ സൃഷ്ടിച്ചതും നവീന ഇന്റഗ്രേറ്റഡ് കോഴ്സുകളടക്കം ആരംഭിച്ചതും ഇതിന്റെ ഭാഗമാണ്. അന്തര്‍വൈജ്ഞാനിക പഠനം പ്രോത്സാഹിപ്പിക്കേണ്ട കാലമാണിതെന്നും അദ്ദേഹം പറഞ്ഞു.
അന്തര്‍വൈജ്ഞാനിക പഠനം പ്രോത്സാഹിപ്പിക്കുന്നതിന് ഇന്റഗ്രേറ്റഡ് കോഴ്‌സുകള്‍ ഉപകാരപ്പെടുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ പ്രൊഫ. രാജന്‍ ഗുരുക്കള്‍ പറഞ്ഞു. സോഷ്യല്‍ സയന്‍സ് വിദ്യാര്‍ഥികള്‍ സയന്‍സ് വിഷയങ്ങളും സയന്‍സ് വിദ്യാര്‍ഥികള്‍ സോഷ്യല്‍ സയന്‍സ് വിഷയങ്ങളും പഠിക്കുന്ന അന്തര്‍വൈജ്ഞാനിക പഠനരീതി അക്കാദമികരംഗത്തെ മികവിന് സഹായകം. എല്ലാ വിഷയങ്ങളിലുമുള്ള അറിവ് നേടാന്‍ അന്തര്‍വൈജ്ഞാനിക പഠനം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. വൈസ് ചാന്‍സലര്‍ പ്രൊഫ. സാബു തോമസ് അധ്യക്ഷത വഹിച്ചു. പ്രോ വൈസ് ചാന്‍സലര്‍ പ്രൊഫ. സി.റ്റി. അരവിന്ദകുമാര്‍, സിന്‍ഡിക്കേറ്റംഗങ്ങളായ അഡ്വ. പി. ഷാനവാസ്, ഡോ. കെ.എം. സുധാകരന്‍, ഐ.എം.പി.എസ്.എസ്. ഡയറക്ടര്‍ പ്രൊഫ. എം.എച്ച്. ഇല്യാസ്, ഐ.ഐ.ആര്‍.ബി.എസ്. ഡയറക്ടര്‍ ഡോ. എസ്. അനസ് എന്നിവര്‍ പ്രസംഗിച്ചു.
