തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് പുതിയ ഗവണ്‍മെന്‍റ് ഐ.ടി.ഐകള്‍ കൂടി സ്ഥാപിക്കാൻ തീരുമാനം എടുത്തതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കൊല്ലം ജില്ലയില്‍ കുളത്തൂപ്പുഴ, പോരുവഴി, ഇടുക്കി ജില്ലയിലെ ഏലപ്പാറ, കരുണാപുരം, മലപ്പുറം ജില്ലയിലെ വാഴക്കാട് എന്നിവിടങ്ങളിലായിരിക്കും പുതിയ ഐ.ടി.ഐകള്‍ സ്ഥാപിക്കുക. ഇതിനായി പുതുതായി 50 തസ്തികകൾ കൂടെ സൃഷ്ടിക്കാനും മന്ത്രിസഭ യോഗം തീരുമാനിച്ചു. 2014-15 അധ്യയനവര്‍ഷം സംസ്ഥാനത്ത് ആരംഭിച്ച 27 എയ്ഡഡ് ഹയര്‍ സെക്കൻഡറി സ്കൂളുകള്‍ക്ക് വേണ്ടി 173 തസ്തികകള്‍ സൃഷ്ടിക്കാനും 21 തസ്തികകള്‍ അപ്ഗ്രേഡ് ചെയ്യാൻ തീരുമാനം എടുത്തതായും മുഖ്യമന്ത്രി അറിയിച്ചു.
