തിരുവനന്തപുരം: കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനിയുടെ കേരള ചിക്കൻ പദ്ധതിയിൽ ഒഴിവുള്ള തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെയുള്ള 113 ഒഴിവുകളിലേക്കാണ് നിയമനം. മാർക്കറ്റിങ് എക്സിക്യുട്ടീവ്,ഫാം സൂപ്പർവൈസർ,ലിഫ്റ്റിങ് സൂപ്പർവൈസർ എന്നീ തസ്തികളിലേക്കായി ഒരു വർഷത്തെ കരാർ നിയമനമാണ്. അപേക്ഷകർക്ക് വിവിധ ജില്ലകളിലായാണ് അവസരം.
മാർക്കറ്റിങ് എക്സിക്യുട്ടീവ് ഒഴിവുകളിലേക്ക് ബിരുദവും രണ്ടുവർഷത്തെ പ്രവൃത്തിപരിചയമുള്ളവരിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. അപേക്ഷകർക്ക് എം.ബി.എ. അഭിലഷണീയം. 70 ഒഴിവുകളിലേക്കാണ് നിയമനം.
ഫാം സൂപ്പർവൈസർ തസ്തികകളിലെ നിയമനത്തിന് പൗൾട്രി പ്രൊഡക്ഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റിൽ ബിരുദവും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ പൗൾട്രി പ്രൊഡക്ഷനിൽ ഡിപ്ലോമയും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവരിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. കംപ്യൂട്ടർ പരിജ്ഞാനവും സ്വന്തമായി വാഹനവും ഡ്രൈവിങ് ലൈസൻസുമുള്ളവർക്കാണ് അവസരം. 14 ഒഴിവുകളിലേക്കാണ് നിയമനം.
ലിഫ്റ്റിങ് സൂപ്പർവൈസർ തസ്തികയിലേക്ക് പ്ലസ്ടു യോഗ്യതയുള്ളവരിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. 28 ഒഴിവുകളിലേക്കാണ് നിയമനം.
