തിരുവനന്തപുരം: നീണ്ട 9 മാസത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്തെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള മുഴുവൻ ഉന്നത വിദ്യാഭാസ സ്ഥാപനങ്ങളും തുറന്നു. കോവിഡ് പ്രതിസന്ധി മൂലം അവസാന വർഷ ബിരുദ വിദ്യാർത്ഥികളും ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളും മാത്രമാണ് ഇന്ന് മുതൽ ക്ലാസ്സുകളിൽ എത്തി തുടങ്ങിയത്. ഒരേ സമയം 50 ശതമാനം വിദ്യാർത്ഥികളെ മാത്രം ഉൾകൊള്ളിച്ചാണ് ക്ലാസുകൾ ആരംഭിച്ചത്.

രാവിലെ 8.30 മുതൽ വൈകീട്ട് 5 വരെയാണ് കോളജുകളുടെ പ്രവർത്തന സമയം. ശനിയാഴ്ചയും കോളജുകൾ പ്രവർത്തിക്കും. ആവശ്യമെങ്കിൽ രണ്ട് ഷിഫ്റ്റുകളാക്കി അധ്യയനം ക്രമീകരിക്കാനും കോളജുകൾക്ക് സ്വാതന്ത്ര്യം ഉണ്ട്. സെമെസ്റ്റർ അടിസ്ഥാനത്തിൽ 50 ശതമാനം ഹാജരോടെ റൊട്ടേഷൻ അടിസ്ഥാനത്തിലാണ് കോളജുകൾ തുറന്ന് പ്രവർത്തിക്കുന്നത്. ഗവേഷകർക്ക് ഇന്ന് മുതൽ കോളജുകളിൽ എത്താമെന്നും നിർദ്ദേശമുണ്ട്.
