സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ തുറക്കും: ഒന്നാംവർഷ ബിരുദ ക്ലാസുകൾ പിന്നീട്

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രഫഷണൽ കോളജുകൾ അടക്കമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ തുറക്കും. മാസങ്ങൾക്ക് ശേഷം അധ്യയനം പുന:രാരംഭിക്കുമ്പോൾ കർശന കോവിഡ് പ്രതിരോധ മാർഗങ്ങളാണ് കോളജുകളിലും സർവകലാശാലകളിലും കൈക്കൊള്ളുക. നാളെ മുതൽ അവസാന വർഷ ക്ലാസുകളാണ് ആരംഭിക്കുന്നത്. ഒന്നാംവർഷ ബിരുദ ക്ലാസുകൾ നാളെ മുതൽ ആരംഭിക്കുന്നില്ല. സർവകലാശാലകൾ, ആർട്സ് ആൻഡ് സയൻസ്, മ്യൂസിക്, ഫൈൻ ആർട്സ്, ലോ, ഫിസിക്കൽ എഡ്യുക്കേഷൻ, പോളിടെക്നിക് കോളജുകൾ എന്നിവയിൽ ബിരുദ കോഴ്സിന് അഞ്ച്, ആറ് സെമസ്റ്ററുകൾക്കാണ് ആദ്യം ക്ലാസുകൾ ആരംഭിക്കുക. പി.ജി, ഗവേഷണ കോഴ്സുകളിൽ എല്ലാ വിദ്യാർഥികൾക്കും ജനുവരി 4ന് ക്ലാസ് ആരംഭിക്കും. പാഠഭാഗങ്ങൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനായി ശനി പ്രവർത്തിദിനമാക്കുമെന്നാണ് നിർദേശം. കോളജുകളും സർവകലാശലകളും രാവിലെ 8 30 മുതൽ വൈകിട്ട് 5 വരെ പ്രവർത്തിക്കും.
സാമൂഹിക അകലം പാലിക്കാൻ ക്ലാസുകൾ 2 ബാച്ചുകൾ ആക്കി തിരിക്കാനും നിർദേശമുണ്ട്. ഒരു വിദ്യാർത്ഥിക്ക് പരമാവധി 5 മണിക്കൂർ ക്ലാസ് നൽകും. നാളെ ആരംഭിക്കുന്നതിനു മുന്നോടിയായി ക്ലാസ് മുറികൾ, ലാബ്, ഹോസ്റ്റൽ എന്നിവയുടെ ശുചീകരിക്കണം ഭൂരിഭാഗം കോളജുകളിലും പൂർത്തിയായി.

Share this post

scroll to top