തിരുവനന്തപുരം: ജനുവരി 1 മുതല്‍ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ അധ്യയനം പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാലയങ്ങളിലെ അണു നശീകരണ പ്രവര്‍ത്തനങ്ങള്‍ തകൃതിയായി പുരോഗമിക്കുന്നു. ഏറെകാലത്തിനുശേഷം സ്‌കൂളുകള്‍ തുറക്കുന്നതിനാല്‍ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. ക്ലാസ് മുറികള്‍, ലൈബ്രറി, ലാബ് തുടങ്ങിയവയും പ്രധാനമായി ടോയ്ലറ്റുകളുമാണ് ശുചീകരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ ശരീരോഷ്മാവ് പരിശോധിക്കുന്നതിന് ആവശ്യമായ നടപടികള്‍ പൂര്‍ത്തീകരിച്ചു വരികയാണ്. സാനിറ്റൈസര്‍, സോപ്പ്, തെര്‍മല്‍ സ്‌കാനര്‍, തെര്‍മോഷീറ്റ് തുടങ്ങിയവ സ്‌കൂളുകളില്‍ സജ്ജീകരിക്കുന്നുണ്ട്. ജനുവരി ഒന്നിനകം ഇവ പൂര്‍ത്തിയാക്കും.
ജലജന്യരോഗങ്ങള്‍ വ്യാപകമാകുന്നതിനാല്‍ കിണറുകളുടെയും വാട്ടര്‍ ടാങ്കുകളുടെയും ശുചീകരണവും പ്രധാനമാണ്. ആയതിനാല്‍ ആവശ്യമെങ്കില്‍ ഫയര്‍ഫോഴ്‌സിന്റെ സഹായം തേടാനും സ്‌കൂള്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച് നിലവില്‍ വിവിധ പരീക്ഷകള്‍ നടക്കുന്ന സ്‌കൂളുകളും കോളജുകളും അഗ്നിരക്ഷാസേന അണുവിമുക്തമാക്കുന്നുണ്ട്.
കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതിനെക്കുറിച്ച് ജില്ലയിലെ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. തുടര്‍ന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ഹെഡ്മാസ്റ്റര്‍മാരുടെ യോഗം വിളിക്കുകയും നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. സ്‌കൂള്‍ സ്റ്റാഫ് മീറ്റിംഗ് കൂടാനും ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് പ്രാവര്‍ത്തികമാകുന്നത് ആലോചിക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് തൃശൂര്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എന്‍ ഗീത അറിയിച്ചു.