മലപ്പുറം: സംസ്ഥാനത്ത് 10,12 ക്ലാസുകൾ ജനുവരി ഒന്നുമുതൽ പുന:രാരംഭിക്കുന്ന സാഹചര്യത്തിൽ സ്കൂളുകളിൽ ഒരുക്കേണ്ട സജീകരണങ്ങളും സുരക്ഷാ ക്രമീകരണങ്ങളും വിലയിരുത്താൻ എംഎൽഎമാരും രംഗത്ത്. കോട്ടക്കൽ മണ്ഡലത്തിലെ സ്കൂളുകളിൽ ഒരുക്കേണ്ട സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്താൻ കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ യോഗം ചേർന്നു. കുട്ടികൾ എത്തുന്നതിന് മുൻപായി പി.ടി.എയുടേയും ആരോഗ്യ വകുപ്പിന്റേയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടേയും പോലീസ് , ഫയർ & റസ്ക്യു വകുപ്പുകളുടേയും സഹകരണത്തോടെ സ്കൂളുകൾ വൃത്തിയാക്കുകയും
കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുതുകയും ചെയ്യണമെന്ന് എം.എൽ.എ നിർദ്ദേശം നൽകി. ഒരു ബെഞ്ചിൽ 2 കുട്ടികൾ വീതം, രക്ഷിതാക്കളുടെ സാന്നിധ്യം ഉറപ്പാക്കൽ, സ്കൂളിനടുത്തുള്ള അധ്യാപകരുടെ സഹായം തേടൽ, ജനപ്രതിനിധികളുമായി ക്ലീൻ ക്യാമ്പസ്, സുരക്ഷ ഉറപ്പാക്കൽ ,കുട്ടികൾക്ക് മാനസിക പിന്തുണ നൽകുന്നതിനും ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനുള്ള സംവിധാനങ്ങൾ, എസ്.ആർ.ജി, സബ്ജക്ട് കൗൺസിൽ ചേർന്ന് ക്രമീകരണങ്ങൾ നടത്തൽ എന്നിവ വേഗത്തിൽ ക്രമീകരിക്കും. എൽ.പി. യു.പി. അധ്യാപകരെ കോവിഡ് പ്രോട്ടോകോൾ ചുമത ഏൽപ്പിക്കാൻ തീരുമാനിച്ചു. കുട്ടികളെ കൊണ്ടു വിടുന്നതും തിരികെ കൊണ്ടുപോകുന്നതും രക്ഷിതാവിന്റെ ചുമതലയാണ്. എ.ഇ.ഒ, ബി.പി.ഒ,വളാഞ്ചേരി നഗരസഭ, കുറ്റിപ്പുറം, എടയൂർ, ഇരിമ്പിളിയം, മാറാക്കര എന്നീ പഞ്ചായത്തുകളിലെ പ്രധാനാധ്യാപകർ, പി.ടി.എ ഭാരവാഹികൾ എന്നിവരുടേയും ആരോഗ്യം, പോലീസ് എന്നീ വകുപ്പുകളുടെയും യോഗമാണ് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ ചേർന്നത്.കുറ്റിപ്പുറം എ.ഇ.ഒ സുരേന്ദ്രൻ പി.വി അധ്യക്ഷത വഹിച്ചു. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ യോഗം എം.എൽ.എ ഉദ്ഘാടനം ചെയ്തു. മറ്റു മണ്ഡലങ്ങളിലും അതത് എംഎൽഎമാർ യോഗം വിളിക്കുന്നുണ്ട്.
