തിരുവനന്തപുരം: 10, 12 ക്ലാസുകള്‍ക്ക് കൂടുതല്‍ പഠന സമയം നല്‍കിക്കൊണ്ട് ഫസ്റ്റ്ബെല്‍ ഡിജിറ്റല്‍ ക്ലാസുകള്‍ നാളെ മുതല്‍ പുന:ക്രമീകരിക്കും. പുതിയ ടൈംടേബിള്‍ അനുസരിച്ച് പത്താം ക്ലാസിന് നാളെ രാവിലെ 9.30 മണിക്ക് ഇംഗ്ലീഷ് , 10ന് ഗണിതം, 10.30ന് ഊര്‍ജതന്ത്രം എന്നീ വിഷയങ്ങള്‍ സംപ്രേഷണം ചെയ്യും. ഈ വിഷയങ്ങളുടെ പുന:സംപ്രേഷണം വൈകുന്നേരം 6 മുതല്‍ 7 വരെ ഉണ്ടാകും. വൈകിട്ട് മൂന്ന് മണിക്ക് ജീവശാസ്ത്രം, 3.30ന് രസതന്ത്രം എന്നിങ്ങനെ മൊത്തം അഞ്ച് ക്ലാസുകളാണ് നാളെ മുതല്‍ പത്താം ക്ലാസിന് ഉണ്ടാവുക . ഈ രണ്ട് വിഷയങ്ങളുടെ പുന: സംപ്രേഷണം ചൊവ്വാഴ്ച്ച രാവിലെ 7 മണി മുതല്‍ 7.30 വരെ ഉണ്ടാകും.
പന്ത്രണ്ടാം ക്ലാസിന് നാളെ രാവിലെ 8 മണിക്ക് ഫിസിക്‌സ്. 8.30 മാത്തമാറ്റിക്‌സ്. 9.00 ന് ബോട്ടണി എന്നീ ക്ലാസുകള്‍ നടക്കും. ഇവയുടെ പുന: സംപ്രേഷണം വൈകുന്നേരം 7.30 മുതല്‍ രാത്രി 8.30 വരെ ഉണ്ടാകും. അന്നേ ദിവസം വൈകുന്നേരം 4.00 മണിക്ക് അക്കൗണ്ടന്‍സി, 4.30 ന് ബിസിനസ് സ്റ്റഡീസ്, 5.00 ന് ഇക്കണോമിക്‌സ്, 5.30 ന് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് കമ്പ്യൂട്ടര്‍ സയന്‍സ് എന്നിങ്ങനെ മൊത്തം ഏഴ് ക്ലാസുകളാണ് നടത്തുക. ഇവയുടെ പുന: സംപ്രേഷണം രാത്രി 9.00 മണി മുതല്‍ 10. 30 മണി വരെ ഉണ്ടാകും.
ഈ സമയങ്ങളിലാണ് ഇനി മുതല്‍ ക്ലാസുകള്‍ നടക്കുക. പത്ത് പന്ത്രണ്ട് ക്ലാസുകളുടെ പാഠഭാഗങ്ങള്‍ സമയബന്ധിതമായി തീര്‍ക്കാന്‍ കൂടുതല്‍ സമയം നീക്കിവെച്ചിട്ടുണ്ട്. മൊത്തം ക്ലാസുകളും പുന: ക്രമീകരിച്ചിട്ടുണ്ട്. ജനുവരി മാസത്തോടെ പത്തിനും പന്ത്രണ്ടിനും പ്രത്യേക റിവിഷന്‍ ക്ലാസുകള്‍ ഉള്‍പ്പെടെ സംപ്രേഷണം നടത്തി ക്ലാസുകള്‍ പൂത്തിയാക്കാനും അതിനു ശേഷം ഇതേ മാതൃകയില്‍ കൂടുതല്‍ സമയമെടുത്ത് മറ്റ് ക്ലാസുകള്‍ക്കുള്ള ഡിജിറ്റല്‍ ക്ലാസുകള്‍ സംപ്രേഷണം ചെയ്ത് തീര്‍ക്കാനും ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ജൂണ്‍ 1 ന് ആരംഭിച്ച ഫസ്റ്റ്ബെല്ലില്‍ ആദ്യ ആറു മാസത്തിനുള്ളില്‍ 4400 ക്ലാസുകള്‍ ഇതിനകം സംപ്രേഷണം ചെയ്തു കഴിഞ്ഞു. മുഴുവന്‍ ക്ലാസുകളും ഫസ്റ്റ്ബെല്‍ പോര്‍ട്ടലില്‍ ലഭ്യമാക്കുന്നുണ്ട്. ഓരോ ദിവസത്തെ ടൈംടേബിളും, ക്ലാസുകളും www.firstbell.kite.kerala.gov.in ല്‍ ലഭ്യമാണ്.