സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉടൻ തുറക്കില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്തെ വിദ്യാലയങ്ങൾ ഉടൻ തുറക്കില്ലെന്ന് മുഖ്യമന്ത്രി പിണറയി വിജയൻ. രോഗികളുടെ എണ്ണം വലിയതോതിൽ കുറയുന്ന സാഹചര്യം ഉണ്ടായാൽ ഉയര്‍ന്ന ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി വിദ്യാലയങ്ങളും കലാലയങ്ങളും തുറക്കണമോ എന്ന കാര്യം പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യവും വിദഗ്ധരുമായി വിശദമായ ചര്‍ച്ചകള്‍ നടത്തിയതിനു ശേഷം മാത്രമായിരിക്കും തീരുമാനിക്കുക. ഉടനടി ഒരു തീരുമാനം ഉണ്ടായിരിക്കുന്നതല്ല. ചെറിയ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് എന്തായാലും ഇനിയുള്ള മാസങ്ങള്‍ കൂടി ഓണ്‍ലൈന്‍ ക്ലാസുകള്‍ വഴി തന്നെ ഈ വര്‍ഷത്തെ അധ്യയനം പൂര്‍ണമാക്കാനാണ് സാധ്യത. രോഗവ്യാപനത്തിന്‍റെ തോത് കുറയുന്ന സ്ഥിതി വിശേഷം തുടരുകയാണെങ്കില്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അടുത്ത വര്‍ഷം ആദ്യത്തോടെ ക്ലാസുകള്‍ പുനരാരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും മുഖ്യമന്ത്രി ഇന്ന് നടന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Share this post

scroll to top