തിരുവനന്തപുരം: തനതായ കലകളും, ഭാഷയും, സാഹിത്യവും, ഉത്സവങ്ങളും കൊണ്ടെല്ലാം സമ്പന്നമായ കേരളത്തിന് 64-ാം പിറന്നാൾ. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ വിഭജിക്കപ്പെട്ടതിനെ തുടര്‍ന്ന് കേരളം ഒരു സംസ്ഥാനമെന്ന
നിലയില്‍ പിറവി കൊണ്ട ദിനമാണ് കേരള പിറവി ദിനം.
വ്യത്യസ്തമതങ്ങളും ജനവിഭാഗങ്ങളും പ്രാദേശികസംസ്കൃതികളും ഭാഷാഭേദങ്ങളും കൂടിച്ചേര്‍ന്നുണ്ടാകുന്ന സാംസ്‌കാരിക വൈവിധ്യത്തിന്റെ സ്വന്തം നാട്. ഐക്യകേരളം രൂപപ്പെട്ടിട്ട് 64 വർഷങ്ങൾ പിന്നിടുമ്പോൾ വിദ്യാഭ്യാസ രംഗത്തും മറ്റ് വികസന വഴികളിലും ഉയർച്ചയുടെ നാളുകളാണ് കേരളത്തിന് അവകാശപ്പെടാനുള്ളത്.
പാരിസ്ഥിതികവും സാമൂഹികവും രാഷ്ട്രീയവുമായ സാഹചര്യങ്ങള്‍കൊണ്ട് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഏറെ വ്യത്യസ്ഥത പുലര്‍ത്തുന്ന സംസ്ഥാനം കൂടിയാണ് കേരളം. പ്രളയത്തിലും, കോവിഡ് പ്രതിസന്ധിയിലും ആരോഗ്യ മേഖലയിൽ ലോകത്തിന് തന്നെ മാതൃകയാകുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ നിന്നും ഉണ്ടായിട്ടുണ്ട്. ആരോഗ്യ സാമൂഹ്യ രംഗത്തിന് പുറമേ കലാ സാസ്‌കാരിക മേഖലയിലും മുന്നിട്ടു നില്‍ക്കുന്ന കേരളം വിനോദ സഞ്ചാര മേഖലയിലും ബഹുദൂരം മുന്നേറിയിരിക്കുന്നു. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്ന് മലയാള ദിനമായും ഒന്നു മുതല്‍ ഏഴു വരെ ഔദ്യോഗിക ഭരണഭാഷാവാരമായും ആഘോഷിക്കും.