നിളയെ തൊട്ടറിഞ്ഞ ഒരു പതിറ്റാണ്ട്: ഭാരതപ്പുഴയെ ജീവിതത്തിന്റെ ഭാഗമാക്കി അധ്യാപകൻ

Oct 30, 2020 at 3:22 pm

Follow us on

കോട്ടയം: ഭാരതപ്പുഴയെ അറിയാനും പുഴയുടെ പ്രത്യേകതകൾ മനസ്സിലാക്കാനും കഴിഞ്ഞ പത്തുവർഷമായി തുടർയാത്രകൾ നടത്തുകയാണ് മഹാത്മാ ഗാന്ധി സർവകലാശാല സ്കൂൾ ഓഫ് ടൂറിസം സ്റ്റഡീസിലെ അധ്യാപകനും എഴുത്തുകാരനുമായ പെരുമ്പാവൂർ സ്വദേശി കെ. ഐ. എബിൻ. 2011ൽ ആണ് നിളതീരത്തെ വൈവിധ്യമാർന്ന പ്രദേശങ്ങളിലേക്കു യാത്രകൾ തുടങ്ങിയത്. പുഴയുടെ മാറുന്ന ഭാവങ്ങളും കാഴ്ചകളും മനസ്സിലാക്കി അത് മറ്റുള്ളവർക്ക് പകർന്നു കൊടുക്കുകയാണ് മുഖ്യ ലക്ഷ്യം.

\"\"

കുറ്റിപ്പുറം, തിരുന്നാവായ, ചമ്രവട്ടം, പൊന്നാനി, പുറത്തൂർ, തൃത്താല, പട്ടാമ്പി, ഷൊറണ്ണുർ, ചെറുതുരുത്തി തുടങ്ങിയ മനോഹരമായ സ്ഥലങ്ങൾ പലവട്ടം സന്ദർശിച്ചു. പുഴയോരത്തു എത്തിയാൽ ഒരുപാട് നേരം കാഴ്ചകൾ കാണാൻ ചെലവഴിക്കും. കുറ്റിപ്പുറത്തെ സ്കൂൾ കടവിൽ നിന്നുള്ള തോണി യാത്ര ഗൃഹാതുരം നിറഞ്ഞ ഓർമ്മകൾ ആണ് സമ്മാനിച്ചത്, എബിൻ പറയുന്നു. നിളയുടെ അതിശയിപ്പിക്കുന്ന സൗന്ദര്യമാണ് എബിന് എഴുത്തിന്റെ മേഖലയിലേക്ക് പ്രവേശിക്കാനുള്ള പ്രധാന പ്രചോദനം. ഇതിനോടകം മൂന്ന് ഡസനിൽ പരം ലേഖനങ്ങൾ നിളയുമായി ബന്ധപെട്ടു വിവിധ ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ എഴുതിയിട്ടുണ്ട്. ഭാരതപ്പുഴയുടെ മികച്ച ഫോട്ടോകളുടെ വൻ ശേഖരവും ഈ സഞ്ചാര അധ്യാപകന്റെ കൈവശമുണ്ട്.

\"\"

കോവിഡ് വ്യാപനം മൂലം കഴിഞ്ഞ ഏഴു മാസമായി പുഴ കണ്ടിട്ടില്ല. ഈ കാലയളവിൽ \”നിളയോടൊപ്പം\” എന്ന വാട്സ്ആപ്പ് കൂട്ടായ്മ ആരംഭിച്ചു പുഴയെ കുറിച്ചുള്ള അറിവുകളും, ചിത്രങ്ങളും, വീഡിയോകളും എബിൻ പങ്ക് വെച്ചു. നിളയുമായി ബന്ധപ്പെട്ട സംവാദങ്ങളും എബിൻ സംഘടിപ്പിക്കാറുണ്ട്. പുഴയുമായി ബന്ധപെട്ടു രണ്ടു പുസ്തകങ്ങളിൽ ഒന്ന് പ്രസ്ഥീകരിച്ചു കഴിഞ്ഞു.

\"\"

ഭാരതപ്പുഴ ക്വിസ് ബുക്ക്‌ വൈകാതെ പ്രസ്ഥീകരിക്കും. ഭാരതപ്പുഴയെ ജീവിതത്തിന്റെ ഭാഗം ആക്കി മാറ്റിയിരിക്കുന്ന ഈ സഞ്ചാര അധ്യാപകനോട് കേരളത്തിലെ മികച്ച വിനോദ സഞ്ചാര കേന്ദ്രങ്ങൾ എവിടെ ആണെന്നു ചോദിച്ചാൽ നിളാതീരത്താണെന്നു പറയും. ഏഴു മാസങ്ങൾക്കു ശേഷം ഭാരതപ്പുഴ വീണ്ടും നേരിൽ കണ്ട സന്തോഷത്തിലാണ് എബിൻ. അടുത്ത നിളാ യാത്ര പക്ഷി നിരീക്ഷണത്തിനായിട്ട് കുറ്റിപ്പുറം ചെമ്പിക്കലിലേക്കാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ബാലരമ ഡൈജസ്റ്റിലും ഭാരതപ്പുഴയെ കുറിച്ച് എബിൻ ലേഖനം എഴുതിക്കഴിഞ്ഞു.

\"\"

Follow us on

Related News