തിരുവനന്തപുരം : കോവിഡ് വ്യാപന സാഹചര്യത്തിൽ സംസ്ഥാനത്ത് പുരോഗമിക്കുന്ന ഓൺലൈൻ പഠന സംവിധാനം കൂടുതൽ ഫലപ്രാപ്തിയിൽ എത്തിക്കാൻ സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തില്‍ അധ്യാപകർക്കും രക്ഷിതാക്കൾക്കും പരിശീലനം നൽകും. നിലവിലെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍, ഓരോ പൊതുവിദ്യാലയത്തിലെയും അധ്യാപകര്‍ നടത്തിവരുന്ന പഠന പിന്തുണാ പ്രവര്‍ത്തനങ്ങള്‍ എന്നിവ ചര്‍ച്ചചെയ്യുന്നതിനും കോവിഡ് പശ്ചാത്തലത്തില്‍ കൂടുതല്‍ ഗുണപരമായി ഇവയെ മാറ്റുന്നതിനുമാണ് അധ്യാപക -രക്ഷാകതൃ പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നത്. ഓൺലൈൻ പഠനം നടത്തുന്ന കുട്ടികള്‍ക്കും അവര്‍ക്കാവശ്യമായ പിന്തുണയും പ്രോത്സാഹനവും നല്‍കിവരുന്ന രക്ഷിതാക്കള്‍ക്കും ആത്മവിശ്വാസം പകരുന്നതിനും നൂതന ആശയങ്ങളിൽ പരിശീലനം നൽകുന്നതിനുമാണ് പിടിഎ പരിശീലനം.
ഓരോ പൊതുവിദ്യാലയത്തിനും അവിടുത്തെ ഭൗതിക അക്കാദമിക സാഹചര്യങ്ങള്‍ക്കിണങ്ങും വിധം ക്ലാസ്സ് സംഘടിപ്പിക്കേണ്ടവിധം പരിശീലന മൊഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ അധ്യാപകര്‍ക്കു നല്‍കുന്നതിനുളള ടൈം ഷെഡ്യൂളും പരിശീലനത്തില്‍ ഉണ്ടാകും. മൊഡ്യൂള്‍ പരിചയപ്പെടുത്തുന്നതിന്‍റെ ഭാഗമായി സമഗ്രശിക്ഷായുടെ വിവിധ അക്കാദമിക തലങ്ങളില്‍ ഓണ്‍ലൈന്‍ പരിശീലനം നടന്നുവരികയാണ്. മൊഡ്യൂള്‍ പരിശീലന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം സമഗ്ര ശിക്ഷാ കേരള ഡയറക്ടര്‍ ഡോ.എ.പി. കുട്ടികൃഷ്ണന്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ നിര്‍വഹിച്ചു. കൃത്യതയോടെയും സമയബന്ധിതമായും അധ്യാപക രക്ഷാകര്‍തൃ പരിശീലനം അടുത്തമാസത്തോടെ എല്ലാ തലങ്ങളിലും പൂര്‍ത്തിയാക്കുന്നതിനുളള ക്രമീകരണങ്ങള്‍ നടന്നു വരികയാണെന്ന് അദ്ദേഹം പറഞ്ഞു. ഓണ്‍ലൈനായി സംഘടിപ്പിച്ച സംസ്ഥാന മൊഡ്യൂള്‍ പരിശീലനത്തില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം സമതി അംഗം ഡോ.സി.രാമകൃഷ്ണന്‍ അവതരണം നടത്തി. അഡീഷണൽ ഡയറക്ടർമാരായ ആർ എസ് ഷിബു, ഡോ.ഗിരീഷ് ചോലയിൽ സംസ്ഥാന പ്രോഗ്രാം ഓഫീസര്‍മാരായ കെ.ജെ. ഹരികുമാര്‍, എ.കെ. സുരേഷ് കുമാര്‍, എസ്. വൈ. ഷൂജ, അമുല്‍റോയ് ആര്‍.പി, എന്‍.ടി ശിവരാജന്‍ സംസ്ഥാനതല റിസോഴ്സ് അംഗം സി. അജയകുമാര്‍ തുടങ്ങിയവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.