കാസർകോട് : മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ സ്മരണാര്‍ത്ഥം കേരള ലളിതകലാ അക്കാദമി കലാ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന സ്‌ക്കോളര്‍ഷിപ്പുകള്‍ക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളിലും യൂണിവേഴ്‌സിറ്റികളിലും ചിത്രകല,ശില്പകല,ഗ്രാഫിക്‌സ് എന്നീ വിഷയങ്ങളില്‍ എം.എഫ്.എ., എം.വി.എ,ബി.എഫ്.എ., ബി.വി.എ. കോഴ്‌സുകള്‍ക്ക് പഠിക്കുന്ന കേരളീയരായ വിദ്യാര്‍ത്ഥികള്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം.
സ്ഥാപനത്തിന്റെ മേധാവിയില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകളും മറ്റ് സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കുന്നില്ലെന്ന സാക്ഷ്യപത്രവും കലാസൃഷ്ടികളുടെ അനുയോജ്യമായ വലുപ്പത്തിലുള്ള പത്ത് കളര്‍ ഫോട്ടോകളും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ഈ കലാസൃഷ്ടികള്‍ അവരവര്‍ ചെയ്തതാണെന്ന് ചിത്രങ്ങളുടെ പുറകുവശത്ത് സ്ഥാപന മേധാവിയോ വകുപ്പ് തലവനോ സാക്ഷ്യപ്പെടുത്തണം. അപേക്ഷകന്റെ കലാപ്രവര്‍ത്തനത്തെക്കുറിച്ച് ബന്ധപ്പെട്ട വകുപ്പ് അദ്ധ്യാപകന്റെ പ്രത്യേക അഭിപ്രായവും അപേക്ഷയോടൊപ്പം ഉള്‍പ്പെടുത്തണം. എം.എഫ്.എ, എം.വി.എ.യ്ക്ക് 6,000 രൂപ വീതവും ബി.എഫ്.എ, ബി.വി.എ.യ്ക്ക് 5,000 രൂപ വീതവും ആണ് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുക. 2020 ജൂണില്‍ ആരംഭിച്ച അക്കാദമിക് വര്‍ഷത്തില്‍ അവസാനവര്‍ഷം പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വര്‍ഷത്തേയ്ക്കാണ് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നത്.
സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട് നിബന്ധനകളും അപേക്ഷാ ഫോമും എല്ലാ കലാവിദ്യാലയങ്ങളിലും, അക്കാദമി ഗ്യാലറികളിലും വെബ് സൈറ്റിലും (www.lalithkala.org) ലഭ്യമാണ്. അപേക്ഷാ ഫോം തപാലില്‍ ആവശ്യമുള്ളവര്‍ സെക്രട്ടറി, കേരള ലളിതകലാ അക്കാദമി, തൃശൂര്‍-20 എന്ന വിലാസത്തില്‍ അയയ്ക്കണം. അപേക്ഷലഭിക്കേണ്ട അവസാന തിയ്യതി നവംബര്‍ 20.