.
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരുടെ പൊതുസ്ഥലംമാറ്റവും നിയമനവും സംബന്ധിച്ച മാനദണ്ഡങ്ങൾ പരിഷ്കരിച്ച് ഉത്തരവായി. ജീവനക്കാരുടെ സ്ഥലംമാറ്റം അതാത് ജില്ലാ അടിസ്ഥാനത്തിലും ജൂനിയർ സൂപ്രണ്ട്, സീനിയർ സൂപ്രണ്ട് എന്നീ തസ്തികകളിൽ ജോലി ചെയ്യുന്നവരുടെ സ്ഥലംമാറ്റം സംസ്ഥാനതലത്തിലും നടത്തും. ഒരു സ്റ്റേഷനിൽ ഒരു വർഷം പൂർത്തിയാക്കിയാൽ മാത്രമേ പൊതുസ്ഥലമാറ്റത്തിന് അപേക്ഷിക്കുവാൻ അർഹതയുണ്ടായിരിക്കുകയുള്ളു. 2020 ലെ പൊതുസ്ഥലംമാറ്റം ക്ലാർക് മുതൽ എല്ലാ തസ്തികകളിലേക്കും അനുകമ്പാർഹമായ സ്ഥലംമാറ്റത്തിന് മൊത്തം ഒഴിവിന്റെ 10 ശതമാനം നീക്കിവെച്ച് സർക്കാർ ഉത്തരവായിട്ടുണ്ട്. ഇതുപ്രകാരം പരിഗണന അർഹിക്കുന്ന അപേക്ഷകർ ഓൺലൈൻ അപേക്ഷയുടെ ഹാർഡ്കോപ്പി ആധാരമായ മെഡിക്കൽ റെക്കോർഡുകൾ സഹിതം പ്രത്യേകം സമർപ്പിക്കണം.
അവധിയിലുള്ളവർ, ഡെപ്യൂട്ടേഷനിലുള്ളവർ, അച്ചടക്ക നടപടി നേരിടുന്ന ജീവനക്കാർ തുടങ്ങിയവരെ സ്ഥലംമാറ്റത്തിന് പരിഗണിക്കില്ല. കൂടുതൽ വിവരങ്ങൾക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ വെബ്സൈറ്റ് സന്ദർശിക്കുക.