ഹയർ സെക്കൻഡറി ഏകജാലക പ്രവേശനം: സപ്ലിമെന്ററി അലോട്ട്‌മെന്റിനുള്ള അപേക്ഷ നാളെ മുതൽ


തിരുവനന്തപുരം: ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള മുഖ്യ അലോട്ട്‌മെന്റിൽ അവസരം ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷ നൽകാൻ കഴിയാതിരുന്നവർക്കും നാളെ മുതൽ സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കാം. രാവിലെ ഒൻപതു മുതൽ അപേക്ഷ സമർപ്പിക്കാം. എസ്എസ്എൽസി സേ പരീക്ഷ പാസായവരേയും പരിഗണിക്കും. ഒഴിവുകളും വിശദവിവരങ്ങളും www.hscap.kerala.gov.in ൽ പ്രസിദ്ധീകരിക്കും. നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയവർക്കും മുഖ്യഘട്ടത്തിൽ അലോട്ട്‌മെന്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവർക്കും (നോൺ-ജോയിനിങ് ആയവർ) ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയ ശേഷം വിടുതൽ സർട്ടിഫിക്കറ്റ് (റ്റി.സി) വാങ്ങിയവർക്കും വീണ്ടും അപേക്ഷിക്കാൻ കഴിയില്ല.
തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവർക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിൽ പരിഗണിക്കുന്നതിന് അപേക്ഷ പുതുക്കാം. അപേക്ഷകളിലെ പിഴവുകൾ അപേക്ഷ പുതുക്കുന്ന അവസരത്തിൽ തിരുത്തൽ വരുത്താൻ പ്രത്യേകം ശ്രദ്ധിക്കണം. സപ്ലിമെന്ററി അലോട്ട്‌മെന്റിനായി 14ന് വൈകിട്ട് അഞ്ച് വരെ പുതുക്കൽ/ പുതിയ അപേക്ഷാഫോം ഓൺലൈനായി സമർപ്പിക്കാം.
അപേക്ഷകർക്ക് സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കാൻ വേണ്ട നിർദ്ദേശങ്ങളും സാങ്കേതിക സഹായങ്ങളും സ്‌കൂൾ ഹെൽപ് ഡെസ്‌ക്കുകളിലൂടെ നൽകാൻ വേണ്ട സജ്ജീകരണങ്ങൾ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് സ്‌കൂൾ പ്രിൻസിപ്പൽമാർ സ്വീകരിക്കണമെന്ന് പൊതുവിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ അറിയിച്ചു.

Share this post

scroll to top