സ്കൂളുകൾ തുറക്കുന്നതിനു മുമ്പ് അധ്യാപകർ സ്കൂളിലെത്തണം

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ട സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച കാര്യത്തിൽ തീരുമാനമായില്ലെങ്കിലും സ്കൂളുകൾ തുറക്കുന്നതിന് മുമ്പ് അധ്യാപകരെ സ്കൂളിലെത്തിക്കാൻ നടപടികൾ സ്വീകരിച്ച് പൊതു വിദ്യാഭ്യാസവകുപ്പ്. അടച്ചുപൂട്ടലിനെത്തുടർന്ന് ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചത് തുടക്കത്തിൽ ആവേശമായിരുന്നെങ്കിലും അധ്യാപകരുടെ കുറവ് വിദ്യാർത്ഥികളിൽ ഓൺലൈൻ ക്ലാസ്സുകളോടുള്ള താല്പര്യം കുറയുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം. ഓൺലൈൻ ക്ലാസുകൾ വിലയിരുത്തുന്നതിന് നേതൃത്വം വഹിച്ച കമ്മിറ്റിയാണ് അധ്യാപകരെ സ്കൂളിലെത്തിക്കണമെന്ന് ശുപാർശ ചെയ്തത്. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ വിക്ടേഴ്‌സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്ന ഓൺലൈൻ ക്ലാസുകൾ 50 ശതമാനം വിദ്യാർത്ഥികൾ മാത്രമാണ് തത്സമയം കാണുന്നതെന്നും ബാക്കിയുള്ളവർ മറ്റ് ഓൺലൈൻ പ്ലാറ്റ്ഫോം വഴി പല സമയങ്ങളിലാണ് കാണുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. സ്കൂൾ അടച്ചതോടെ അധ്യാപകരിൽ ഒരു വിഭാഗം മാത്രമാണ് ഓൺലൈനിലൂടെ വിദ്യാർത്ഥികളുമായി സംവദിക്കുന്നത്. വിക്ടേഴ്‌സ് ചാനൽ വഴി ക്ലാസുകൾ സംപ്രേഷണം ചെയ്യുമ്പോൾ തുടർപ്രവർത്തനങ്ങളിൽ സ്കൂൾ കേന്ദ്രീകരിച്ച് അധ്യാപകർ ആ ദിവസം തന്നെ ഇടപെടേണ്ടിവരും. സംസ്ഥാനത്തെ എല്ലാ
സ്കൂളുകൾക്കും അനുവദിച്ചിട്ടുള്ള സ്മാർട്ട്‌ ക്ലാസ്സ്‌ ഉപകരണങ്ങൾ ക്ലാസ്സുകളുടെ തുടർപ്രവർത്തങ്ങൾക്ക് ഉപയോഗപ്പെടുത്തണമെന്നും വിദഗ്ധ സമിതി ശുപാർശ ചെയ്യുന്നു.

Share this post

scroll to top