
ന്യൂഡൽഹി: നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) ഇന്ന് നടക്കും. 15 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതുന്നത്. കേരളത്തിൽ നിന്നുമാത്രം 1,15,959 പേർ പരീക്ഷ എഴുതും. ഉച്ചക്ക് രണ്ട് മുതൽ വൈകിട്ട് അഞ്ച് വരെയാണ് പരീക്ഷ. കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് കർശനമായ മുൻകരുതലുകളോടെയാണ് പരീക്ഷ നടക്കുക. പൂർണമായി അണുവിമുക്തമാക്കിയ പരീക്ഷ ഹാളിൽ 12 വിദ്യാർത്ഥികൾ മാത്രമായിരിക്കും ഉണ്ടാവുക. മാസ്ക്, കൈയ്യുറകൾ എന്നിവ നിർബന്ധമാക്കിയിട്ടുണ്ട്. സീറ്റുകൾ തമ്മിൽ നിശ്ചിത അകലം ഉറപ്പാക്കും. പരീക്ഷാകേന്ദ്രത്തിന്റെ പ്രവേശന കവാടത്തിലും അകത്ത് വിവിധ സ്ഥലങ്ങളിലും ഹാൻഡ് സാനിറ്റൈസർ ഉണ്ടാകും. താപനില അളക്കാൻ രജിസ്ട്രേഷൻ റൂമിൽ തെർമൽ ഗൺ ഉണ്ടാകും. പരിശോധന (ഫ്രിസ്കിങ്) ഉൾപ്പെടെ എല്ലാ പ്രക്രിയകളും സ്പർശനവിമുക്തമായിരിക്കും. ഒ.എം.ആർ രീതിയിൽ നടത്തുന്ന പരീക്ഷയ്ക്ക് ഫിസിക്സ് (45 ചോദ്യങ്ങൾ), കെമിസ്ട്രി (45), ബയോളജി (ബോട്ടണി, സുവോളജി-90) എന്നീ വിഷയങ്ങളിൽനിന്ന് മൾട്ടിപ്പിൾ ചോയ്സ്ചോദ്യങ്ങൾ ഉണ്ടാകും. ഓരോ ശരിയുത്തരത്തിനും നാല് മാർക്ക്. ഒരു ഉത്തരം തെറ്റിയാൽ ഒരു മാർക്ക് നഷ്ടപ്പെടും. പരമാവധി മാർക്ക് 720. ഇന്ന് നീറ്റ് പരീക്ഷ എഴുതാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി വീണ്ടും പരീക്ഷ നടത്തണമെന്ന ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു.
