
ന്യൂഡൽഹി: സെപ്റ്റംബർ ഒന്നിന് ആരംഭിച്ച ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെഇഇ) മെയിൻ, പ്രവേശന പരീക്ഷയിൽ പങ്കെടുക്കാനുള്ള അവസരം നഷ്ടപ്പെട്ടവർക്ക് വീണ്ടും പരീക്ഷ നടത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ. 660 പരീക്ഷ കേന്ദ്രങ്ങളിലായി 65 ശതമാനം വിദ്യാർത്ഥികൾ മാത്രമാണ് പരീക്ഷയെഴുതിയത്. പരീക്ഷ കേന്ദ്രങ്ങളിൽ വിദ്യാർത്ഥികൾ കുറവാണെന്ന് നിരവധി കേന്ദ്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ അവസരത്തിലാണ് പരീക്ഷ കേന്ദ്രങ്ങളെത്താൻ കഴിയാത്തവർക്കായി വീണ്ടും പരീക്ഷ നടത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥി സംഘടനകളും രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്തെ പല കേന്ദ്രങ്ങളിലും 45 ശതമാനത്തിൽ താഴെ പേർ മാത്രമേ പങ്കെടുത്തിട്ടുള്ളു. പരീക്ഷ സുഗമമായി നടത്താനും വിദ്യാർത്ഥികൾക്ക് ഗതാഗത സൗകര്യങ്ങൾ ഏർപ്പെടുത്താനും മതിയായ നടപടികൾ സ്വീകരിച്ചിട്ടില്ലെന്നും വിദ്യാർത്ഥികൾക്കിടയിൽ പരാതികളുണ്ട്. കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് രാജ്യത്ത് പരീക്ഷ കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിച്ചിരുന്നു. കോവിഡില്ലെന്ന് സ്വയം സാക്ഷ്യപെടുത്തിയ രേഖകളുമായാണ് വിദ്യാർത്ഥികൾ പരീക്ഷക്കെത്തിയത്. പരീക്ഷ നടത്തിപ്പുമായി മുന്നോട്ടുപോകുമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) അറിയിച്ചിരുന്നു.
