ന്യൂഡൽഹി: കോവിഡ് പശ്ചാത്തലത്തിൽ സർവകലാശാല അവസാന വർഷ പരീക്ഷകൾ റദ്ദാക്കാനാവില്ലെന്ന് സുപ്രീംകോടതി. പരീക്ഷ നടത്തണമെന്ന യു.ജി.സിയുടെ തീരുമാനം കോടതി ശരിവെച്ചു. പരീക്ഷ റദ്ദാക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. പരീക്ഷ നടത്താതെ അവസാന വർഷ വിദ്യാർത്ഥികൾക്ക് സ്ഥാനക്കയറ്റം നൽകാനാവില്ല. കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് പരീക്ഷ നീട്ടി വെക്കുന്നത് സംബന്ധിച്ച ഇളവുകൾക്ക് സംസ്ഥാനങ്ങൾക്ക് യു.ജി.സിയെ സമീപിക്കാം. കോവിഡ് വ്യാപനത്തെത്തുടർന്ന് അവസാനവർഷ പരീക്ഷകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ കോടതിയെ സമീപിച്ചിരുന്നു. പരീക്ഷ നടത്താതെ വിദ്യാർത്ഥികൾക്ക് സ്ഥാനക്കയറ്റം നൽകണമെന്ന് ചില സംസ്ഥാനങ്ങളും കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പരീക്ഷ നടത്താതെ വിദ്യാർത്ഥികൾക്ക് സ്ഥാനക്കയറ്റം നൽകുന്നത് ഉന്നതവിദ്യാഭ്യാസരംഗത്ത് നിലവാരം ഇല്ലാതാക്കുമെന്നാണ് കോടതിയുടെ വിലയിരുത്തൽ.
ReplyForward |