
തിരുവനന്തപുരം: സമഗ്ര ശിക്ഷാ കേരളം ആവിഷ്കരിച്ച 718 കോടി രൂപയുടെ വിദ്യാഭ്യാസ പ്രവര്‍ത്തന പദ്ധതികള്‍ക്ക് അംഗീകാരം. പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി സി രവീന്ദ്രനാഥിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗവേണിംഗ് കൗണ്‍സിലാണ് 840.98 കോടി രൂപ വരുന്ന വാര്‍ഷിക വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം നല്‍കിയത്. 2020-21 അധ്യായന വര്‍ഷത്തേക്കുളള വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി സമഗ്ര ശിക്ഷാ കേരളം കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിച്ച 1334.19 കോടി രൂപയുടെ പദ്ധതിയില്‍ 718.78 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചിരുന്നത്.സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ കലാകായിക പ്രവൃത്തിപരിചയ മേഖലയില്‍ 2685 അധ്യാപകരെ അധ്യായന വര്‍ഷത്തേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് പദ്ധതിയില്‍ വ്യവസ്ഥയുണ്ട്. ഇവര്‍ക്കുളള മാസ ശമ്പളയിനത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിഹിതമായ 4,200/- രൂപയ്ക്ക് പുറമേ സംസ്ഥാന സര്‍ക്കാര്‍ നിശ്ചിയിച്ച് നല്‍കുന്ന 9,800/- രൂപ കൂടി നല്‍കി ആകെ 14,000/- രൂപയായി തുടര്‍ന്നും നല്‍കും. പ്രീ-പ്രൈമറി മുതല്‍ ഹയര്‍സെക്കൻഡറി വരെയുളള അക്കാദമിക പ്രവര്‍ത്തനങ്ങളും, അടിസ്ഥാന സൗകര്യവികസനം, ടീച്ചര്‍ എജ്യൂക്കേഷന്‍, ഡയറ്റുകളുടെ പ്രവര്‍ത്തനം തുടങ്ങിയ മേഖലകളിലെ പദ്ധതികള്‍ക്കുവേണ്ടിയാണ് തുക അംഗീകരിച്ചിരിക്കുന്നത്.
പൊതുവിദ്യാലയങ്ങളുടെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുന്നതിനുളള പദ്ധതി, ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കളുടെ പ്രത്യേക പരിഗണനാ മേഖലകള്‍ക്കുളള തുക, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, സ്പോര്‍ട്സ് & ഫിസിക്കല്‍ എഡ്യൂക്കേഷന്‍ പദ്ധതികള്‍ തുടങ്ങി പൊതുവിദ്യാഭ്യാസ രംഗത്ത് ഗുണപരമായ മാറ്റങ്ങള്‍ നടപ്പിലാക്കുന്നതിന് കൊവിഡ്-19 പശ്ചാത്തലത്തിലൂന്നിയ നവീനമായ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കാണ് സമഗ്ര ശിക്ഷാ കേരളയുടെ ഗവേണിംഗ് കൗണ്‍സിലില്‍ തീരുമാനങ്ങളുണ്ടായത്.
0 Comments