
ന്യൂഡൽഹി: മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ഓൺലൻ വഴി നടത്താൻ കഴിയില്ലെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി.
ഗൾഫ് രാജ്യങ്ങളിൽ നീറ്റ് പരീക്ഷയ്ക്ക് സെന്ററുകൾ അനുവദിക്കാൻ കഴിയില്ലെന്നും സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഏജൻസി വ്യക്തമാക്കി. സത്യവാങ്മൂലം കോടതി നാളെ പരിഗണിക്കും.
നീറ്റ് പരീക്ഷയ്ക്ക് ഗൾഫ് രാജ്യങ്ങളിൽ കേന്ദ്രങ്ങൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ചിലർ സർപ്പിച്ച ഹർജി ജൂലൈ 29ന് പരിഗണിക്കവെയാണ് ഓൺലൈൻ വഴി പരീക്ഷ നടത്തുന്നതിനെ കുറിച്ച് സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് അഭിപ്രായം ആരാഞ്ഞത്. ഇതേ തുടർന്നാണ് നീറ്റ് പ്രവേശന പരീക്ഷ ഓൺലൈൻ വഴി നടത്തുന്നത് പ്രായോഗികമല്ലെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി കോടതിയെ അറിയിച്ചത്.
നീറ്റ് പരീക്ഷയുടെ ഏകീകൃത സ്വഭാവം നിലനിർത്താൻ ഓൺലൈൻ പരീക്ഷയ്ക്ക് കഴിയില്ലെന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന് നാട്ടിൽ എത്താൻ കഴിയാത്ത വിദ്യാർഥികൾക്കായി ഗൾഫിൽ പരീക്ഷാകേന്ദ്രം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എം.സി.സിയും ഏതാനും രക്ഷിതാക്കളുമാണ് സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളത്.

0 Comments