
തിരുവനന്തപുരം: സംസ്ഥാനത്ത് സി.ബി.എസ്.ഇ സ്കൂളുകളുടെ പേരിൽ അംഗീകാരമില്ലാത്ത സ്കൂൾ പ്രവർത്തിക്കുന്നില്ലെന്ന് സർക്കാർ ഉറപ്പാക്കണമെന്ന് ഹൈക്കോടതി. അഫിലിയേഷൻ ഇല്ലാത്ത സ്കൂളിലെ കുട്ടികളെ അംഗീകൃത സ്കൂളുകളിൽ പരീക്ഷ എഴുതിക്കുന്ന പ്രവണത തടയണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. അഫിലിയേഷൻ ഇല്ലാത്ത കാരണത്താൽ പത്താം ക്ലാസ്സ് സി.ബി.എസ്.ഇ പരീക്ഷ എഴുതാൻ ബുദ്ധിമുട്ടിയ തോപ്പുംപടി അരൂജാസ് ലിറ്റിൽ സ്റ്റാർസ്, പള്ളുരുത്തി ആൽഅസർ സ്കൂളിലെ വിദ്യാർത്ഥികളുടെ അപ്പീൽ തീർപ്പാക്കിയാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. പത്താം ക്ലാസ്സ് പരീക്ഷ എഴുതാൻ എത്തിയപ്പോഴാണ് സ്കൂളിന് അംഗീകാരമില്ലെന്ന് അറിഞ്ഞത്. ഇതേ തുടർന്നാണ് വിദ്യാർത്ഥികൾ കോടതിയിൽ എത്തിയത്. കോടതി താൽക്കാലിക അനുമതി നൽകിയതിനെതുടർന്ന് വിദ്യാർത്ഥികൾ ബാക്കി പരീക്ഷയെഴുതി. കഴിഞ്ഞ മാർച്ചിലാണ് കേസിന് ആസ്‍പദമായ സംഭവമുണ്ടായത്. ഇത്തരത്തിലുള്ള സാഹചര്യങ്ങൾ ഇനി ഉണ്ടാകരുതെന്നും കോടതി മുന്നറിയിപ്പ് നൽകി. അംഗീകാരമുള്ള സ്കൂളുകളിൽ കുട്ടികളെ പഠിപ്പിക്കുന്ന കാര്യത്തിൽ മാതാപിതാക്കൾ ഇപ്പോഴും വീഴ്ച വരുത്തുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഈ സാഹചര്യം ഒഴിവാക്കാൻ പരസ്യങ്ങളും സർക്കുലറും പുറപ്പെടിവിച്ചെന്നു സി.ബി.എസ്.ഇ കോടതിയെ അറിയിച്ചു.

0 Comments