പത്തനംതിട്ട: ആനയും കടുവയും സിംഹവും ഇനി ക്ലാസ്സ്‌റൂമിലെത്തും. ആനയെന്നും കടുവയെന്നുമൊക്കെ പുസ്തകത്തിലെഴുതി പഠിച്ച കാലമൊക്കെ മാറി. ഇനി നേരിൽ കണ്ടുതന്നെ പഠിക്കാം.
ഡിജിറ്റൽ ക്ലാസ്സ്‌റൂമിൽ ഹിന്ദി പഠിപ്പിക്കാനിറങ്ങിയതാണ് പഴകുളം കെ.വി.യു.പി സ്കൂളിലെ ആധ്യാപകൻ കെ.എസ്. ജയരാജ്. ഓഗ്മെന്റഡ് റിയാലിറ്റി എന്ന കംപ്യൂട്ടർ സാങ്കേതിക വിദ്യയുടെ സഹായത്തോടെ കാട്ടുമൃഗങ്ങളെ സ്‌ക്രീനിൽ കൊണ്ടുവന്നായിരുന്നു പരീക്ഷണം. ക്ലാസ്സ് കഴിഞ്ഞപ്പോഴേക്കും കുട്ടികൾക്ക് അധ്യാപകന് മുന്നിലേക്ക് നടന്നുവരുന്ന കാട്ടുമൃഗങ്ങളുടെ പേരുകളെല്ലാം സുപരിചിതം.
മലയാള മീഡിയം അഞ്ചാംക്ലാസ്സിലെ രണ്ടാമത്തെ യൂണിറ്റിലെ കഥയാണ് അധ്യാപകൻ ആസ്വാദ്യകരമാകും വിധം കുട്ടികൾക്ക് മുന്നിലെത്തിച്ചത്. ഇതേ സ്കൂളിൽ പഠിക്കുന്ന ഏഴാം ക്ലാസ്സ് വിദ്യാർത്ഥി ബി മഹാദേവനും പ്ലസ്ടു വിദ്യാർത്ഥി ബി അഭിഷേകുമാണ് ഈ ദൃശ്യവൽക്കരണത്തിന് പിന്നിൽ. സ്കൂൾ തുറക്കാത്തതിനാൽ അധ്യാപകരും കുട്ടികളും തമ്മിൽ നേരിട്ട് ബന്ധമില്ലാത്തതും ഓൺലൈൻ ക്ലാസുകൾ പലപ്പോഴും നിശ്ചിത സമയത്ത് തീരുന്നതുമായ സാഹചര്യം നിലവിലുണ്ട്. എന്നാൽ ഇത്തരത്തിലുള്ള സാങ്കേതിക വിദ്യയുടെ ഉപയോഗം ഓൺലൈൻ ക്ലാസുകൾ കൂടുതൽ ഫലപ്രദമാക്കൻ സഹായിക്കും.