തൃശ്ശൂർ: നാട്ടിൽ ഓടിനടന്ന് മീൻ വിൽക്കുമ്പോഴും ഹൃതിക്കിന്റെ മനസ്സുനിറയെ സിവിൽ സർവീസാണ്… അതിനുള്ള തയ്യാറെടുപ്പുകളാണ്. അതിന്റെ ആദ്യപടികൾ ഓരോന്നായി കയറുകയാണ് അവൻ. ഇങ്ങനെ മീൻ വിറ്റ് നേടിയ ഉന്നത വിജയങ്ങളെല്ലാം ഹൃതിക്കിന് അതിനുള്ള ആത്മവിശ്വാസം നൽകുന്നുമുണ്ട്. കഴിഞ്ഞ ദിവസം പ്ലസ്ടു പരീക്ഷാഫലം പുറത്തുവന്നപ്പോൾ ലഭിച്ച ഫുൾ എ പ്ലസും പ്ലസ് വണ്ണിന് അവൻ നേടിയ 96ശതമാനം മാർക്കും എസ്എസ്എൽസിക്ക് ലഭിച്ച ഫുൾ എ പ്ലസും അവന്റെ കഠിന പ്രയത്നത്തിന്റെ ഫലമാണ്. പ്ലസ്ടു പരീക്ഷയിൽ ഹൃതിക് നേടിയ \’പെടയ്ക്കുന്ന\’ വിജയം
കണ്ടാണശ്ശേരി ഗ്രാമത്തിന്റെ കൂടി വിജയമാണ്.
ലോക്ഡൗണിൽ സാമ്പത്തിക പ്രയാസം വന്നപ്പോൾ വീട്ടുകാർക്ക് പിന്തുണ നൽകാനാണ് മീൻകച്ചവടം ആരംഭിച്ചത്. ഗുരുവായൂർ കണ്ടാണശ്ശേരി സ്വദേശി ഊട്ടുമഠത്തിൽ ഹരീഷിന്റെ മകനായ ഹൃത്വിക് പാവറട്ടി സെയ്ന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ്. എസ്എസ്എൽസിയ്ക്കും പ്ലസ് വണ്ണിനും ലഭിച്ച ഉയർന്ന മാർക്കുകളുടെ തിളക്കം നിലനിൽക്കെയാണ് ഹൃതിക് മീൻകച്ചവടത്തിനിറങ്ങിയത്. കുടുംബത്തിന്റെ അത്താണി ആകുന്നതിനു പുറമെ പഠനം തുടരണം. ഹൃതിക്കിന്റെ സിവിൽ സർവീസ് വരെയുള്ള പഠനങ്ങൾ ടിഎൻ പ്രതാപൻ എം.പി.യുടെ എംപീസ് എജ്യുകെയർ ഏറ്റെടുത്തുകഴിഞ്ഞു.