പ്രധാന വാർത്തകൾ
ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം സ്കൂൾ പരീക്ഷ ചോദ്യപ്പേപ്പർ മുൻകൂട്ടി യുട്യൂബ് ചാനലിൽ: കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുംമന:പാഠം പഠിച്ചുമാത്രം സ്കൂ​ൾ പ​രീ​ക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠ​ന മികവ്  പരിശോധിക്കണം പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനംഎസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്

എയ്ഡഡ് കോളജുകളിൽ 950 പുതിയ അധ്യാപക തസ്തികകൾ; ഈ വർഷം പുതിയ 200 ന്യൂജെൻ കോഴ്സുകൾ

Jun 22, 2020 at 5:09 pm

Follow us on

തിരുവനന്തപുരം: സംസ്ഥാനത്തെ അഫിലിയേറ്റഡ് സ്ഥാപനങ്ങളിൽ പുതിയ ബിരുദ/ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ നിർദ്ദേശിക്കുന്നതിനായി സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ പ്രധാന കണ്ടെത്തലുകളുടെയും ശുപാർശകളുടെയും സംഗ്രഹമാണ് താഴെ കൊടുക്കുന്നത്.

അഫിലിയേറ്റഡ് കോളേജുകളിൽ നിന്നും വർഷാ വർഷം ബിരുദ, ബിരുദാനന്തര ബിരുദങ്ങൾ കരസ്ഥമാക്കുന്ന ലക്ഷക്കണക്കിന് വിദ്യാർത്ഥികലുള്ള സംസ്ഥാനമാണ് കേരളം. എന്നാൽ ഇത്തരത്തിൽ ഉന്നത വിദ്യാഭ്യാസ ബിരുദങ്ങൾ കരസ്ഥമാക്കുന്ന വിദ്യാർത്ഥികൾക്ക് പഠിച്ചിറങ്ങിയ ശേഷം എന്ത് സംഭവിക്കുന്നു എന്നതിനെ സംബന്ധിച്ച് വ്യക്തമായ ഒരു കണക്കോ പഠനമോ ലഭ്യമല്ല. മേൽസാഹചര്യത്തിൽ, ഉന്നത വിദ്യാഭ്യാസ രംഗത്ത് ഫലപ്രദമായ ഇടപെടലുകൾ നടത്തുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്തെ അഫിലിയേറ്റഡ് സ്ഥാപനങ്ങളിൽ പുതിയ ബിരുദ/ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ നിർദ്ദേശിക്കുന്നതിനായി മഹാത്മാഗാന്ധി സർവ്വകലാശാല വൈസ് ചാൻസലറായ പ്രൊഫ: സാബു തോമസ് അദ്ധ്യക്ഷനും കേരള ചരിത്ര കൗൺസിൽ ഡയറക്ടർ പ്രൊഫ: സനൽ മോഹൻ കൺവീനറുമായ ആറംഗ സമിതിയെ സർക്കാർ നിയോഗിച്ചത്.
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നവീന ബിരുദ – ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ നിർദ്ദേശിക്കുക വഴി നമ്മുടെ വിദ്യാർത്ഥികൾക്ക് വിദേശ സർവ്വകലാശാലകളിൽ ഉപരിപഠനം സാധ്യമാവുന്ന തരത്തിൽ അന്തർ ദേശീയ അംഗീകാരം ലക്‌ഷ്യം വച്ചുള്ള സമഗ്ര മാറ്റമാണ് സമിതി വിഭാവനം ചെയ്യുന്നത്. ബിരുദത്തോടൊപ്പം ഗവേഷണത്തിനും മുൻതൂക്കം നൽകുന്ന വിവിധ പ്രോഗ്രാമുകൾ സമിതി മുന്നോട്ടു വയ്ക്കുന്നു. ഗവേഷണം സർവ്വകലാശാലകളിൽ മാത്രമെന്ന യാഥാസ്ഥിതിക സങ്കൽപ്പത്തെ അപ്പാടെ പൊളിച്ചെഴുതുന്ന സമീപനമാണ് റിപ്പോർട്ടിൽ ദൃശ്യമാവുന്നത്.
സമിതിയുടെ ചില സുപ്രധാന കണ്ടെത്തലുകൾ താഴെപ്പറയും പ്രകാരമാണ്.

1) കഴിഞ്ഞ ഒരു ദശകത്തിൽ എഞ്ചിനീയറിംഗ്/പ്രൊഫഷണൽ ഡിഗ്രി പ്രോഗ്രാമുകളിൽ നിന്നും ആർട്സ്, സയൻസ്, കൊമേഴ്‌സ് വിഷയങ്ങളിലേക്ക് വലിയ തരത്തിലുള്ള താൽപര്യവും ആവശ്യകതയും വിദ്യാർഥിസമൂഹത്തിൽ നിന്നുമുണ്ടായിട്ടുണ്ട്.

2) നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിലവിലുള്ള 3 വർഷ ബിരുദങ്ങൾക്ക് വിദേശ സർവ്വകലാശാലകളിൽ ഉപരിപഠനത്തിന് അംഗീകാരം ലഭിക്കുന്നില്ല.

3) നിലവിലെ കോളേജ് വിദ്യാഭ്യാസം കേവലം ക്ലാസ് മുറികളിലെ വിദ്യാഭ്യാസമായി പരിമിതപ്പെടുന്ന സാഹചര്യമാണുള്ളത്. ഗവേഷണത്തിനുള്ള അവസരമോ സാഹചര്യങ്ങളോ കോളേജുകളിൽ ലഭിക്കുന്നില്ല.

4) നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിലെ ഗ്രോസ്സ് എൻറോൾമെൻറ് റേഷ്യോ 48.6% ആയിരിക്കുമ്പോൾ സാക്ഷര കേരളത്തിന്റെ ഗ്രോസ്സ് എൻറോൾമെൻറ് റേഷ്യോ 37% മാത്രമായി പരിമിതപ്പെട്ടിരിക്കുന്നു.

5) വിദ്യാർത്ഥികളുടെ ജോലി സാധ്യതയെ പറ്റിയുള്ള ഉയർന്ന പ്രതീക്ഷകളും, ഗവേഷണത്തിനുള്ള മുൻതൂക്കവും, നമ്മുടെ പ്രോഗ്രാമുകളുടെ ആഗോള അംഗീകാരവും ലക്‌ഷ്യം വച്ചുകൊണ്ടു മാത്രമേ 48% ജി.ഇ.ആർ കൈവരിക്കുന്നതിനുള്ള പുതിയ ബിരുദ – ബിരുദാനന്തര പ്രോഗ്രാമുകൾ അനുവദിക്കുന്നതിനും നടപ്പിലാക്കുന്നതിനും നടപടികൾ സ്വീകരിക്കേണ്ടത്.

6) വിദ്യാർത്ഥികൾക്ക് തങ്ങളുടെ പ്രതിഭക്കും താൽപര്യത്തിനും അനുസൃതമായ തരത്തിൽ തെരഞ്ഞെടുക്കാൻ സാധിക്കുന്നതും ഉപരിപഠന സാധ്യതയുള്ളതുമായ അക്കാദമിക – ഗവേഷണ പ്രോഗ്രാമുകൾ നടപ്പിലാക്കിയാൽ മാത്രമേ നിലവിലെ അഫിലിയേറ്റഡ് കോളേജ് വിദ്യാഭ്യാസ മേഖലയിൽ മാറ്റങ്ങൾ കൊണ്ടു വരുന്നതിനു സാധിക്കുകയുള്ളൂ.

7) ഗവേഷണാഭിരുചി ബിരുദ തലത്തിൽ തന്നെ വിദ്യാർത്ഥികളിൽ ഉണ്ടാക്കിയെടുക്കുന്ന സമീപനത്തിലൂടെയേ ദേശീയ – അന്തർദേശീയ റാങ്കിങ്ങുകളിൽ മികച്ച നേട്ടം കൈവരിക്കുന്നതിന് നമ്മുടെ സ്ഥാപനങ്ങൾക്ക് സാധിക്കുകയുള്ളൂ.

പ്രധാന നിർദ്ദേശങ്ങൾ

1) ഓണേഴ്‌സ് ബിരുദ പ്രോഗ്രാമുകൾ : പരമ്പരാഗത ശാസ്ത്ര/ശാസ്ത്രേതര ശാഖകളിൽ 4 വർഷ ഓണേഴ്‌സ് പ്രോഗ്രാമുകൾ അനുവദിക്കുന്നതിന് സമിതി ശുപാർശ ചെയ്യുന്നു. ഓണേഴ്‌സ് പ്രോഗ്രാമുകൾ വഴി ലക്‌ഷ്യം വയ്ക്കുന്ന നേട്ടങ്ങൾ കൈ വരിക്കുന്നതിനായി എൻ. ഐ.ആർ.എഫ് റാങ്കിംഗിൽ ആദ്യ 100 ൽ പെടുന്നതും നാക് ഗ്രേഡിങ്ങിൽ എ ഗ്രേഡ് ലഭിച്ചിട്ടുള്ളതുമായ അഫിലിയേറ്റഡ് സ്ഥാപനങ്ങൾ, എൻ.ഐ.ആർ.എഫ് റാങ്കിംഗിൽ ആദ്യ 50 ൽ പെടുന്നതും നാക് ഗ്രേഡിങ്ങിൽ എ ഗ്രേഡ് ലഭിച്ചിട്ടുള്ളതുമായ സർവ്വകലാശാലകൾ എന്നിവക്കു മാത്രമായി ഓണേഴ്‌സ് പ്രോഗ്രാമുകൾ നിജപ്പെടുത്തണമെന്നു സമിതി ശുപാർശ ചെയ്യുന്നു. വിദേശ സർവ്വകലാശാലകളിൽ ഉപരി പഠനത്തിനും ഗവേഷണത്തിനും നമ്മുടെ ബിരുദങ്ങൾ അംഗീകരിക്കപ്പെടുന്നതിന് ഇത് വഴിവയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ആഗോള അംഗീകാരമുള്ള ഓണേഴ്‌സ് ബിരുദങ്ങൾ നമ്മുടെ ഉന്നത വിദ്യാഭ്യാസത്തിന്റെ മാറ്റ് കൂട്ടുന്നതിന് വഴി വക്കും എന്നതും പ്രത്യേകം എടുത്തു പറയേണ്ടതാണ്. പരമ്പരാഗത വിഷയങ്ങൾ ഉയർത്തിക്കാട്ടുക വഴി ഉപരി പഠനത്തിനുള്ള സാധ്യതകളും ജോലി സാധ്യതയും കുറവായ ചില ബിരുദ പ്രോഗ്രാമുകൾക്ക് ബദലായി ഗവേഷണത്തിലധിഷ്ഠിതമായ ഓണേഴ്‌സ് ബിരുദങ്ങൾ വലിയൊരു മാറ്റത്തിന് വഴി വെക്കുമെന്ന് സമിതി കരുതുന്നു.

2) ത്രീ മെയിൻ/ ട്രിപ്പിൾ മെയിൻ പ്രോഗ്രാമുകൾ: ത്രീ മെയിൻ/ ട്രിപ്പിൾ മെയിൻ പ്രോഗ്രാമുകളാണ് മറ്റൊരു ശ്രദ്ധേയമായ നിർദ്ദേശം. ഇതിലൂടെ വിദ്യാർത്ഥികൾക്ക് മൂന്നു വിവിധ മേജർ വിഷയങ്ങൾ ഒരേ സമയം പഠിക്കാമെന്നതും ബിരുദാനന്തര ബിരുദ പഠനത്തിന് ഇതിൽ ഏത് മേജർ വിഷയവും തെരഞ്ഞെടുക്കാമെന്നതും ത്രീ മെയിൻ/ ട്രിപ്പിൾ മെയിൻ പ്രോഗ്രാമുകളുടെ പ്രത്യേകതയാണ്. ബിരുദ പ്രോഗ്രാമുകളെ പറ്റിയുള്ള നമ്മുടെ കാഴ്ചപ്പാട് മാറ്റുന്ന രീതിയിൽ നൂതന ബിരുദ പ്രോഗ്രാമുകളാണ് ഇതിലൂടെ സമിതി മുൻപോട്ട് വയ്ക്കുന്നത്. BSc Chemical Biology/System Biology/Computational Biology, BSc Biological Sciences/Modern Biology, BSc Psychological and Behavioural Sciences, BA International Relations, BA Foreign Languages എന്നിവ ഇത്തരം പ്രോഗ്രാമുകളിൽ ചിലതാണ്. പരമ്പരാഗത വിഷയങ്ങൾക്കൊപ്പം അന്താരാഷ്‌ട്ര അംഗീകാരമുള്ള Nanoscience/Astrophysics/Space Science/Econometrics /Data Analytics മുതലായ നവീന പഠന ശാഖകളും ത്രീ മെയിൻ പ്രോഗ്രാമുകളുടെ ഭാഗമായി സമിതി നിർദ്ദേശിക്കുന്നുണ്ട്.

3) നിലവിലെ പരമ്പരാഗത വിഷയങ്ങളിലുള്ള മൂന്നു വർഷ പ്രോഗ്രാമുകളോടൊപ്പം നാലാം വർഷം specialised subjectൽ പഠനം സാധ്യമാക്കുന്ന പ്രോഗ്രാമുകളും സമിതി ശുപാർശ ചെയ്യുന്നു. ഇതിലൂടെ ബിരുദത്തോടൊപ്പം വിവിധ നൂതന വിഷയങ്ങളിൽ ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ അക്കാദമിക/ഗവേഷണ സ്ഥാപനങ്ങളിൽ പരിശീലനം നേടുന്നതിനും ഗവേഷണാഭിരുചി വളർത്തുന്നതിനും വിദ്യാർത്ഥികളെ ഇത്തരം പ്രോഗ്രാമുകൾ സഹായിക്കും എന്ന് സമിതി വിലയിരുത്തുന്നു. പ്രസ്തുത പ്രോഗ്രാമുകളിലൂടെ ഇന്നത്തെ തൊഴിൽ ദാതാക്കളുടെ പ്രതീക്ഷക്കൊത്ത് മനുഷ്യ വിഭവ ശേഷി ലഭ്യമാക്കുന്നതിനും സാധിക്കും. ഇതോടെ സംസ്ഥാനത്തെ ബിരുദ ധാരികൾ ദീർഘനാളുകളായി അഭിമുഘീകരിക്കുന്ന സ്തംഭനാവസ്ഥക്കു പരിഹാരമാവുമെന്നു പ്രതീക്ഷിക്കപ്പെടുന്നു.

4) Course based Undergraduate Research: നാക് അക്രഡിറ്റേഷനിലെ പ്രമുഖ മാനദണ്ഡമാവാൻ സാധ്യതയുള്ള Course based Undergraduate Research സംസ്ഥാനത്തെ ബിരുദ പ്രോഗ്രാമുകൾക്ക് നിര്ബന്ധിതമാക്കുന്നതിനും സമിതി ശുപാർശ ചെയ്യുന്നുണ്ട്. ഇതിലൂടെ അക്കാദമിക രംഗത്ത് മാത്രമല്ല ഗവേഷണാഭിരുചി വളർത്തിയെടുക്കുന്നതിലും നമ്മുടെ കൊളേജുകൾക്ക് വലിയ പങ്ക് വഹിക്കാനാവും.

5) ലോക റാങ്കിംഗിൽ ആദ്യ 500 ൽ വരുന്ന പ്രമുഖ സർവ്വകലാശാലകളിലെ പ്രോഗ്രാമുകളോട് കിട പിടിക്കുന്ന തരത്തിലുള്ള Bachelor of Design (Digital & Interactive Design), BA Rural Development and Development Studies, Bachelor of Sports Management (BSM), BA Applied Linguistics and Language Teaching, BA Modern Languages, Bachelor of Financial Markets (BFM), BSc Anthropology / Visual, Material and Museum Anthropology, BA in Archeology and Material Culture Studies, Bachelor of Audiology & Speech Language Pathology (BASLP) എന്നീ നൂതന പഠന ശാഖകളിലെ ബിരുദ പ്രോഗ്രാമുകളും സമിതി ശുപാർശ ചെയ്യുന്നു.

6) ഓപ്‌ഷണൽ മൈനർ: നിലവിൽ പഠിച്ച് കൊണ്ടിരിക്കുന്ന മെയിൻ വിഷയത്തോടൊപ്പം വിദ്യാർത്ഥിക്ക് താൽപര്യമുള്ള മറ്റൊരു മൈനർ വിഷയം കൂടി പഠിക്കുന്നതിനുള്ള അവസരം നൽകാവുന്നതാണെന്നു സമിതി കണ്ടെത്തുന്നു. ഇത് വഴി വിദ്യാർത്ഥികൾക്ക് മെയിൻ വിഷയവുമായി ബന്ധമില്ലാത്ത വിഷയങ്ങളിലും മൈനർ ബിരുദം കരസ്ഥമാക്കുന്നതിനു സാധിക്കുന്നതാണ്.

7) ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകൾ: പരമ്പരാഗത ശാസ്ത്ര/ശാസ്ത്രേതര ശാഖകളിൽ 5 വർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളാണ് മറ്റൊരു ശ്രദ്ധേയമായ നിർദ്ദേശം. എൻ.ഐ.ആർ.എഫ് റാങ്കിംഗിൽ ആദ്യ 50 ൽ പെടുന്നതും നാക് ഗ്രേഡിംഗിൽ എ++ ഗ്രേഡ് ലഭിച്ചിട്ടുള്ളതുമായ അഫിലിയേറ്റഡ് കൊളേജുകൾക്ക് മാത്രമായി നൽകണമെന്ന് നിർദ്ദേശിക്കുന്ന ടി പ്രോഗ്രാമിൽ ഇടക്ക് വച്ചുള്ള \’Exit\’ ഓപ്ഷൻ നൽകാൻ പാടില്ലായെന്നും സമിതി നിർദ്ദേശിക്കുന്നു. സംസ്ഥാനഖജനാവിൽ നിന്നുമുള്ള പണത്തിന്റെ ശരിയായ വിനിയോഗം ഇത്തരം \’Exit\’ ഓപ്ഷൻ ഒഴിവാക്കുക വഴി ഉറപ്പു വരുത്തുന്നതിനും ലക്ഷ്യമിടുന്നു. ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകൾ സർവ്വകലാശാലകളുടെ കുത്തകയാണെന്ന കാഴ്ചപ്പാടിനെത്തന്നെ മാറ്റുന്നതാണ് ഈ നിർദ്ദേശം.

8) വലിയ തരത്തിൽ അപേക്ഷകരുള്ള പരമ്പരാഗത വിഷയങ്ങളായ Geology/Petroleum Geology/Geography, Psychology, Statistics/Data Analytics, Artificial Intelligence and Robotics, Space Science, Forensic Science, Economics/Econometrics, International Relations and Politics, Historical Studies /Anthropology, Archeology and Material Culture Studies, Global History, MSW Disaster Management എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ അനുവദിക്കുന്നതിന് സമിതി നിർദ്ദേശമുണ്ട്. ഇത് വഴി കൂടുതൽ വിദ്യാർത്ഥികൾക്ക് ഇത്തരം വിഷയങ്ങളിൽ ഉന്നത വിദ്യാഭ്യാസത്തിനു അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

9) പരമ്പരാഗത വിഷയങ്ങളിൽ നിന്നും വിഭിന്നമായി ഇന്റർ ഡിസിപ്ലിനറി പഠനം സാധ്യമാക്കുന്ന നവീന പഠന ശാഖകളിലുള്ള എംടെക് പ്രോഗ്രാമുകൾ എഞ്ചിനീയറിംഗ് കോളേജുകൾക്കായി സമിതി നിർദ്ദേശിക്കുന്നുണ്ട്.

10) യൂണിവേഴ്സിറ്റികൾ ക്കായി ജോയൻറ് ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ: സംസ്ഥാനത്തെ വിവിധ സർവ്വകലാശാലകൾക്കായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ സമിതി മുൻപോട്ട് വയ്ക്കുന്നുണ്ട്. സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട രണ്ട് സർവ്വകലാശാലകളെ സഹകരിപ്പിച്ചു കൊണ്ട് ഓരോ സെമസ്റ്ററും ഓരോ സർവകലാശാലയിൽ പഠിക്കുകയും അവസാന സെമസ്റ്റർ അന്തർദേശീയ നിലവാരമുള്ള ഗവേഷണ സ്ഥാപനത്തിൽ പ്രോജക്ടിനായും വിഭാവനം ചെയ്യുന്ന ജോയന്റ് ഡിഗ്രി പ്രോഗ്രാമുകളും ശ്രദ്ധേയമായ മറ്റൊരു നിർദ്ദേശമാണ്. ഇതിൽ പങ്കാളികളായ സർവ്വകലാശാലകളെല്ലാം കൂടിയാവും ബിരുദം നൽകുകയെന്നതും ഈ നിർദ്ദേശത്തിന്റെ സവിശേഷതയാണ്. MTech Nanoscience and Nanotechnology, MTech Food Science and Technology, MSc Artificial Intelligence and Robotics, MSc Data Analytics, MSc Gender Studies and Sexuality, MSc Space Science, MSc Energy Materials and Sustainable Development, MSc Disaster Management and Resilience, MA Archeology and Material Culture Studies, MA Comparative Literature, MA Comparative Social Research, MA Population Studies എന്നിവ ഇത്തരത്തിൽ നടത്തുന്നതിന് നിർദ്ദേശിക്കപ്പെട്ട ചില പ്രോഗ്രാമുകളാണ്.

11) പരീക്ഷാ സംവിധാനത്തെപ്പറ്റിയുള്ള നിർദ്ദേശങ്ങൾ: നിലവിലെ ചോദ്യപേപ്പറിൽ അധിഷ്ഠിതമായ പരീക്ഷാ സംവിധാനത്തെ നവീകരിക്കുന്നതിനും സമിതി ശുപാര്ശ ചെയ്യുന്നു. ഓർമ്മശക്തിയിൽ അധിഷ്ഠിതമായ പരമ്പരാഗത പരീക്ഷാ സംവിധാനത്തിന് പകരം വയ്ക്കാവുന്ന അക്കാദമിക് രചനാ രീതികൾ പ്രോത്സാഹിപ്പിക്കുന്നവയും ക്രിയാത്മക കഴിവുകളെ വളർത്തിയെടുക്കുന്നതിനും സഹായിക്കുന്ന അസൈന്മെന്റുകൾ, പ്രസന്റേഷനുകൾ, രചനകൾ എന്നിവയിലധിഷ്ഠിതമായ പരീക്ഷാ സംവിധാനം സമിതി മുന്നോട്ടു വയ്ക്കുന്നു. നിലവിലെ കൊവിഡ് – 19 ൻ്റെ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ പഠനത്തിന്റെ ഭാഗമായി അന്താരാഷ്ട്ര അംഗീകാരമുള്ള കോഴ്‌സുകൾക്ക് പ്രത്യേക ക്രെഡിറ്റ് അനുവദിക്കുന്നതിനും നിർദ്ദേശമുണ്ട്.

12) സംസ്ഥാനത്തെ വിവിധ സർവ്വകലാശാലകളുടെ statute പ്രകാരം 2020 – 2021 അക്കാദമിക വർഷത്തേക്ക് പുതിയ കോഴ്‌സുകൾക്ക് അപേക്ഷിക്കുന്നതിനുള്ള സമയപരിധി കഴിഞ്ഞ് പോയതിനാൽ സമിതി നിർദ്ദേശങ്ങളുടെ ഭാഗമായി ഈ വർഷം ജൂലൈ 31 വരെ പുതിയ കോഴ്‌സുകൾക്ക് അപേക്ഷിക്കുന്നതിനുള്ള സമയം ദീർഘിപ്പിച്ചു നൽകണമെന്ന് സമിതി ശുപാർശ ചെയ്യുന്നു

13) വിവിധ കോഴ്സുകൾ നിർദ്ദേശിക്കുമ്പോഴും ഇക്കണോമിക്സ് /ഇക്കണോമെട്രിക്സ്, ഡാറ്റ അനലിറ്റിക്‌സ് എന്നീ വിഷയങ്ങളുടെ പ്രാധാന്യത്തെ സമിതി ഉയർത്തിക്കാട്ടുന്നുമുണ്ട്.

14) 2010 മുതൽ സർവ്വകലാശാലകൾ നേരിട്ട് നടത്തുന്ന കേന്ദ്രീകൃത പ്രവേശന സംവിധാനത്തിലെ ഡാറ്റകൾ അപഗ്രഥിച്ചാണ് സമിതി വിവിധ കോഴ്‌സുകളിലേക്കുള്ള ഡിമാൻഡ് നിർണ്ണയിച്ചിട്ടുള്ളത്.

15) ഡോ: സാബു തോമസ് അദ്ധ്യക്ഷനായ സമിതിയിൽ സാങ്കേതിക സർവ്വകലാശാല വൈസ് ചാൻസലർ ഡോ: രാജശ്രീ, ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഡയറക്ടർ ഡോ: ആശാ കിഷോർ, IISER ഡയറക്ടർ ഡോ: ജാരുഗു‌ നരസിംഹ മൂർത്തി, കേന്ദ്ര സർവ്വകലാശാല മുൻ ഡീൻ ഡോ: ദാസൻ, കേരള ഹിസ്റ്റോറിക്കൽ കൗൺസിൽ ഡയറക്ടർ ഡോ: സനൽമോഹൻ എന്നിവർ അംഗങ്ങളുമായ സമിതിയാണ് സർക്കാർ നിശ്ചയിച്ചിരുന്നത്.

സമയബന്ധിതമായി റിപ്പോർട്ട് സമർപ്പിച്ച സമിതിയെ അഭിനന്ദിക്കുന്നു. നിലവിലുള്ള കോഴ്സുകൾക്ക് സീറ്റുകൾ വർധിപ്പിച്ചു നൽകിയതിലൂടെ സംസ്ഥാനത്തെ ഗവൺമെൻ്റ്, എയ്ഡഡ്, സ്വാശ്രയ കോളേജുകളിൽ 20-21 അദ്ധ്യായന വർഷം ഏതാണ്ട് ഇരുപത്തയ്യായിരത്തിലധികം സീറ്റുകളാകും ഉപരി പഠനത്തിന് കൂടുതലായി ലഭിക്കുക. പരമ്പരാഗത കോഴ്സുകളെയും ത്രിവത്സര ഡിഗ്രി കോഴ്സുകളെയും ഒരു നിലക്കും ബാധിക്കാത്ത വിധമാകും പുതുതായി നൽകുന്ന കോഴ്സുകളിൽ മേൽ റിപ്പോർട്ടിലെ സർക്കാരിന് കൂടി സ്വീകാര്യമായ ശുപാർശകൾ നടപ്പിലാക്കുക. ഉന്നത വിദ്യാഭ്യാസ മേഖലയെ കാലോചിതമായി ഉടച്ചുവാർക്കാൻ സർക്കാർ തീരുമാനിച്ചതിൻ്റെ ഫലവും കൂടിയായിരുന്നു ഇത്തരമൊരു സമിതിയെ നിയോഗിച്ചതിനു പിന്നിലെ ചേതോവികാരം. അവനവൻ്റെ സൗകര്യങ്ങളുടെ തടവറയിൽ നിന്നല്ല ഈ റിപ്പോർട്ടിനെ നോക്കിക്കാണേണ്ടത്. പുതു തലമുറയുടെ ആഗ്രഹങ്ങളുടെയും സ്വപ്നങ്ങളുടെയും വിശാലമായ ക്യാൻവാസിൽ നിന്നുകൊണ്ടാകണം റിപ്പോർട്ടിലെ കാലോചിതമായ നിർദ്ദേശങ്ങളെ വിലയിരുത്തേണ്ടത്.

Follow us on

Related News