തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗത്ത് തുടരുന്ന മൂന്നുവർഷ ബിരുദ സമ്പ്രദായം മാറ്റണമെന്ന് സർക്കാർ നിയോഗിച്ച വിദഗ്ധസമിതി. സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് കോളജുകളിൽ . ഗവേഷണത്തിന് മുൻതൂക്കം നൽകിയുള്ള ഓണേഴ്‌സ് ബിരുദവും ഏകീകൃത ബിരുദാനന്തരബിരുദവും ഉൾപ്പെടെ തുടങ്ങണമെന്നാണ് സമിതിയുടെ ശുപാർശ. എം.ജി. സർവകലാശാല വൈസ് ചാൻസലർ ഡോ. സാബു തോമസ് അധ്യക്ഷനായ സമിതി ഉന്നതവിദ്യാഭ്യാസ വകുപ്പിന് നൽകിയ റിപ്പോർട്ടിലാണ് കാതലായ മാറ്റങ്ങൾ ചൂണ്ടിക്കാട്ടിയുള്ള ശുപാർശകൾ. നാലുവർഷത്തെ ഓണേഴ്‌സ് ബിരുദം വേണം. നിലവിൽ തുടരുന്ന പരീക്ഷാ സമ്പ്രദായത്തിൽ മാറ്റമുണ്ടാകണം. അസൈൻമെന്റുകളും പ്രസന്റേഷനും എഴുത്തുമെല്ലാം ഉൾപ്പെടുന്ന ക്രിയാത്മക പഠനരീതികളും അതിനെ അടിസ്ഥാനമാക്കിയുള്ള പരീക്ഷകളും വേണം.
ഓൺലൈൻ കോഴ്‌സ് പങ്കാളിത്തവും ഇതിന്റെ ഭാഗമാക്കണം.
നിലവിൽ സംസ്ഥാനത്തുള്ള മൂന്നുവർഷ ബിരുദത്തെ പല വിദേശസർവകലാശാലകളും അംഗീകരിക്കുന്നില്ല.അതിനാൽ അത് നാലുവർഷ ഓണേഴ്‌സ് ബിരുദമാക്കണം. സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, ഇക്കണോമിക്സ്, കെമിസ്ട്രി, ബയോളജി ഹിസ്റ്ററി, ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഓണേഴ്‌സ് ബിരുദമാകാം. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് റാങ്കിങ് ഫ്രെയിംവർക്കിൽ ആദ്യ നൂറിൽപ്പെടുന്ന കോളജുകൾക്ക് ആദ്യ 50-ൽ ഉൾപ്പെടുന്ന സർവകലാശാലകൾക്കും ഓണേഴ്‌സ് അനുവദിക്കാമെന്നും ശുപാർശയിലുണ്ട്. വിവിധ ആർട്‌സ്, സയൻസ് വിഷയങ്ങളിൽ ട്രിപ്പിൾ മെയിൻ ബിരുദ കോഴ്‌സ് തുടങ്ങാം. നാലാംവർഷം ഐച്ഛിക വിഷയം തിരഞ്ഞെടുക്കാനാവുന്ന നാലുവർഷ ബിരുദവും ശുപാർശ ചെയ്യുന്നു