തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിയും ഓൺലൈൻ ക്ലാസുകൾ കാണാൻ സംവിധാനം ഇല്ലാത്ത കുട്ടികൾക്ക് സാങ്കേതിക സംവിധാനം ഒരുക്കി നൽകുന്നതിന് തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് പണം ചെലവഴിക്കാമെന്ന് സർക്കാർ ഉത്തരവ്. ത്രിതല പഞ്ചായത്തുകൾക്ക് പുറമെ നഗരസഭ, കോർപ്പറേഷനുകൾ എന്നിവയ്ക്ക് കീഴിൽ വരുന്ന പ്രദേശങ്ങളിൽ വിദ്യാർത്ഥികൾക്കായി ടെലിവിഷനുകൾ, കമ്പ്യൂട്ടർ, ലാപ്ടോപ് എന്നിവ വാങ്ങുന്നതിനായി തുക ചിലവഴിക്കാമെന്നാണ് സർക്കാർ നിർദേശം. അതത് ഭരണ സ്ഥാപനങ്ങളുടെ കമ്മിറ്റി / കൗൺസിൽ തീരുമാന പ്രകാരം ആവശ്യകത പരിശോധിച്ച് സൗകര്യങ്ങൾ ഒരുക്കി നൽകാൻ പണം ചെലവഴിക്കാമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇറക്കിയ ഉത്തരവിൽ പറയുന്നു.
ഓൺലൈൻ ക്ലാസുകളുടെ രണ്ടാംഘട്ടം തിങ്കളാഴ്ച ആരംഭിക്കാനിരിക്കെ മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ ക്ലാസുകൾ കാണാനുള്ള അവസരം ഒരുക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ തീരുമാനം. സംസ്ഥാനത്തു നിലവിൽ ഇരുപത്തി അയ്യായിരത്തോളം വിദ്യാർത്ഥികൾക്കാണ് ഓൺലൈൻ പഠന സൗകര്യങ്ങൾ ഇല്ലാത്തത്. ജൂൺ ഒന്നിന് ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുമ്പോൾ ഓൺലൈൻ സംവിധാനം ഇല്ലാത്ത വിദ്യാർത്ഥികൾ 2.5 ലക്ഷത്തോളമായിരുന്നു. അധ്യാപക സംഘടനകളും, വ്യവസായ വകുപ്പ്, സഹകരണ സംഘങ്ങൾ, സ്വകാര്യ വ്യക്തികൾ, വിവിധ സന്നദ്ധ സംഘടനകൾ തുടങ്ങി ഒട്ടേറെ പേരുടെ സഹകരത്തോടെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഈ കുട്ടികൾക്ക് ടെലിവിഷൻ അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കി നൽകിയത്. ഇനിയും സൗകര്യം ലഭ്യമല്ലാത്ത വിദ്യാർത്ഥികൾക്ക് ഇവ ഒരുക്കുന്നതിനാണ് സർക്കാർ തദ്ദേശ സ്ഥാപനങ്ങൾക്ക് പുതിയ നിർദേശം നൽകിയത്.
0 Comments