ന്യൂഡൽഹി : കോവിഡ് കാലത്തെ സുരക്ഷിത ഓണ്‍ലൈന്‍ അധ്യയനത്തിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളടങ്ങിയ ലഘുപുസ്തകം എന്‍.സി.ഇ.ആര്‍.ടി പുറത്തിറക്കി.
യുനെസ്‌കോയുടെ സഹകരണത്തോടെ തയ്യാറാക്കിയ പുസ്തകം കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊഖ്രിയാല്‍ ആണ് പ്രകാശനം ചെയ്തത്. ഇന്റര്‍നെറ്റ് സുരക്ഷ സംബന്ധിച്ച അടിസ്ഥാന വസ്തുതകള്‍, അനുബന്ധ കാര്യങ്ങള്‍ എന്നിവയില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും അവബോധം സൃഷ്ടിക്കുന്നതിനാണ് ലഘുപുസ്തകം തയ്യാറാക്കിയത്. സൈബര്‍ ഇടങ്ങളിലെ വിവിധ ഭീഷണികളില്‍ നിന്ന് വിദ്യാര്‍ത്ഥികളെ സംരക്ഷിക്കാനുള്ള അറിവുകളും ഈ ലഘുപുസ്തകം പങ്കുവെക്കുന്നു.
നാഷണല്‍ കൗണ്‍സില്‍ ഓഫ് എഡുക്കേഷണല്‍ റിസര്‍ച്ച് ആന്റ് ട്രെയിനിംഗും(എന്‍സിഇആര്‍ടി) യുണിസെഫിന്റെ ന്യൂഡല്‍ഹി ഓഫീസും ചേര്‍ന്നാണ് ലഘുലേഖ തയ്യാറാക്കിയത്.
ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ച പശ്ചാത്തലത്തില്‍ സുരക്ഷിതമായി ഇന്റര്‍ നെറ്റ് ഉപയോഗിക്കാന്‍ വിദ്യാര്‍ത്ഥികളെസഹായിക്കുന്നതാണു ലഘുപുസ്തകമെന്ന്
കേന്ദ്രമന്ത്രി ശ്രീ. രമേഷ് പൊഖ്രിയാല്‍ പറഞ്ഞു. 5 വയസിനും 11 വയസിനും ഇടയിലുള്ള 71 ദശലക്ഷം വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ സേവനം ഉപയോഗിക്കുന്നുണ്ടെന്നാണു ഗവണ്‍മെന്റിന്റെ കണക്കുകൂട്ടല്‍.
വിദ്യാര്‍ഥികള്‍ക്ക് സമഗ്രവും സുരക്ഷിതവുമായ വിദ്യാഭ്യാസവും മികച്ച പഠനാന്തരീക്ഷവും ഒരുക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് യുനെസ്‌കോ ഡയറക്ടര്‍ എറിക് ഫാള്‍ട്ട് പറഞ്ഞു. വിദ്യാഭ്യാസ സംവിധാനത്തില്‍ ഞങ്ങളുടെ ഇടപെടല്‍ ഫലപ്രദമാകണമെങ്കില്‍ ഓണ്‍ലൈന്‍ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മികച്ച സേവനം ഉറപ്പാക്കേണ്ടതുണ്ടെന്നും സുരക്ഷയൊരുക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും എന്‍സിഇആര്‍ടി ഡയറക്ടര്‍ പ്രൊഫ. ഹൃഷികേശ് സേനാപതി പറഞ്ഞു.
0 Comments