കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ അധ്യാപക പരിശീലന കോഴ്സുകൾക്ക് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ അംഗീകാരം

ന്യൂഡൽഹി: കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നടത്തുന്ന അധ്യാപക പരിശീലന കോഴ്‌സുകള്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ അംഗീകാരം നല്‍കി കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. കേന്ദ്ര മാനവവിഭവശേഷി മന്ത്രി ശ്രീ രമേഷ് പൊഖ്രിയാല്‍ നിഷാങ്ക് ന്യൂ ഡല്‍ഹിയില്‍ അറിയിച്ചതാണ് ഇക്കാര്യം. ഇക്കഴിഞ്ഞ മെയ് 12ാം തിയതിയാണ് ഇത് സംബന്ധിച്ച രണ്ടു വിജ്ഞാപനങ്ങളും പുറത്തിറക്കിയത്. നിലവില്‍ ദേശീയ അധ്യാപക വിദ്യാഭ്യാസ കൗണ്‍സിലിന്റെ (എന്‍.സി.ടി.ഇ) അംഗീകാരമില്ലാതെയാണ് ഈ പരിശീലനപരിപാടികള്‍ നടത്തുന്നത്. ബന്ധപ്പെട്ട വിദ്യാര്‍ത്ഥികളുടെ താല്‍പര്യം പരിഗണിച്ചാണ് തീരുമാനമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

കോ‌ഴ്‌സുകളുടെ അംഗീകാരത്തിന് മുന്‍കാല പ്രാബല്യം

ഇത്തരം കോഴ്‌സുകള്‍ക്ക് അംഗീകാരം നല്‍കുന്നതിനായി1993 ലെ എന്‍.സി.ടി.ഇ നിയമത്തില്‍ ഭേദഗതിവരുത്താനാനുള്ള  കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ ശ്രമത്തെ തുടര്‍ന്നാണിത്.2019 ജനുവരി 11 ന് ഇത് സംബന്ധിച്ച നിയമഭേദഗതി പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും അംഗീകാരം ലഭിച്ച ശേഷം വിജ്ഞാപനം ചെയ്തു. 2017-2018 അക്കാദമിക് വര്‍ഷം വരെയുളള കോഴ്‌സുകള്‍ക്ക് മാത്രമായിരിക്കും മുന്‍കാല അംഗീകാരം ലഭിക്കുക. ഈ കാലാവധിക്കുള്ളില്‍ കോഴ്‌സ് വിജയിച്ചവരുടെ സര്‍ട്ടിഫിക്കറ്റിനും അംഗീകാരം ലഭിക്കും. ഭാവിയില്‍ അംഗീകാരമില്ലാത്ത കോഴ്‌സുകള്‍ നടത്തുന്നതിനോ പിന്നീട് കോഴ്‌സുകള്‍ക്ക് അംഗീകാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിക്കാനോ സ്ഥാപനങ്ങളെ അനുവദിക്കില്ല. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴിലുള്ള 23സ്ഥാപനങ്ങളിലെ 13,000 ത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. 17,000ത്തോളം അധ്യാപകര്‍ക്കും ഇതിന്റെ ഗുണം ലഭിക്കും. നിലവില്‍ ഇവര്‍ നേടിയ സര്‍ട്ടിഫിക്കറ്റിന് വിജ്ഞാപനത്തിലൂടെ നിയമപരമായ സാധുത ലഭിക്കും.
 

Share this post

scroll to top