തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർ സെക്കൻഡറി പരീക്ഷാ മൂല്യനിർണ്ണയം ആരംഭിച്ചു. വിവിധ ജില്ലകളിലായി 92 ക്യാമ്പുകളിലാണ് മൂല്യനിർണയ ജോലികൾക്ക് തുടക്കമായത്. നിലവിൽ രജിസ്‌ട്രേഷൻ പുരോഗമിക്കുകയാണ്. പല ക്യാമ്പുകളിലും രാവിലെ 10 മണി ആയിട്ടും പകുതിയോളം അധ്യാപകരാണ് എത്തിയിട്ടുള്ളത്. ഉച്ചയോടെ മുഴുവൻ ഉദ്യോഗസ്ഥരും എത്തുമെന്നാണ് കരുതുന്നത്. രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെയാണ് ക്യാമ്പുകളുടെ പ്രവർത്തനം. ലോക് ഡൗണിന് മുൻപായി പൂർത്തിയായ പരീക്ഷകളുടെ മൂല്യനിർണ്ണയമാണ് ഇപ്പോൾ നടക്കുന്നത്. രാവിലെ 8 മുതൽ വൈകിട്ട് 5 വരെ ക്യാമ്പ് പ്രവർത്തിക്കണം എന്നായിരുന്നു നിർദേശം എങ്കിലും അധ്യാപകരുടെ യാത്രാ ബുദ്ധിമുട്ട് കണക്കിലെടുത്ത് ഇന്നലെ സമയം മാറ്റുകയായിരുന്നു. ഇന്ന് മുതൽ 8 ദിവസമാണ് ആദ്യഘട്ട ക്യാമ്പ് നടക്കുന്നത്. മൂല്യനിർണയം നടത്തുന്ന മുറികളിൽ നിന്ന് അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്നാണ് നിർദേശം. ജോലിക്കിടെ പുറത്തു പോയി വിശ്രമിക്കാൻ പാടില്ല. ക്യാമ്പിൽ വൈകിയെത്തുന്നവരുടെ വിവരങ്ങൾ പ്രത്യേകം സൂക്ഷിക്കണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദ്ദേശിച്ചു. മുറിയിൽ അകലം പാലിച്ച് രണ്ട് ബാച്ചുകൾ മാത്രമേ പാടു. മാസ്കും സാനിറ്റൈസറും നിർബന്ധമാണ്. അധ്യാപകർ കൂട്ടം കൂടരുതെന്നും നിർദേശമുണ്ട്. ക്യാമ്പിൽ
മൊബൈൽ ഫോൺ ഉപയോഗം വിലക്കിയിട്ടുണ്ട്. ഉത്തരക്കടലാസുകളുടെ ചിത്രം സമൂഹമാധ്യമങ്ങളുടെ പ്രചരിക്കുന്ന പ്രചരിപ്പിച്ചാൽ കർശനനടപടി ഉണ്ടാകും. ക്യാമ്പുകളുടെ പ്രവർത്തന സമയം 9.30 മുതൽ ആണെങ്കിലും അധ്യാപകർ പറ്റുമെങ്കിൽ കൂടുതൽ സമയം ചിലവഴിച്ച് കൂടുതൽ പേപ്പറുകൾ പരിശോധിക്കണം എന്ന് നിർദേശം ഉണ്ട്.
