കൊറോണ കെയർ സെന്ററുകളിലേക്ക് അധ്യാപകരെ നിയോഗിക്കുന്നതിന് മലപ്പുറം ജില്ലയിൽ പട്ടിക തയ്യാറാക്കുന്നു

മലപ്പുറം: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മലപ്പുറം ജില്ലയിൽ അധ്യാപകരുടെ സേവനം ഉറപ്പാക്കാൻ വിദ്യാഭ്യാസ വകുപ്പ് നടപടി തുടങ്ങി.
മലപ്പുറം ജില്ലയിലെ കൊറോണാ കെയർ സെന്ററുകളിൽ അധ്യാപകരെ ചാർജ് ഓഫീസർമാരായി നിയോഗിക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ നിർദേശം പുറത്തിറങ്ങി. ജില്ലയിലെ ഗ്രാമപഞ്ചായത്തുകളുടെ പരിധിയിൽ പ്രവർത്തിച്ചുവരുന്ന കൊറോണ കെയർ സെൻസറുകളിൽ നിലവിൽ ഉദ്യോഗസ്ഥരുടെ കുറവുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി.

എയ്ഡഡ് സ്കൂളുകൾ അടക്കമുള്ള പ്രൈമറി വിദ്യാലയങ്ങളിലെ അധ്യാപകരെ അവശ്യ ഘട്ടത്തിൽ ചാർജ് ഓഫീസർമാരായി നിയോഗിക്കണമെന്നാണ് ഉത്തരവിൽ സൂചിപ്പിക്കുന്നത്. ഇതിനായി ഗൂഗിൾ ഫോം ഉപയോഗിച്ച് അധ്യാപകരുടെ പേരുകൾ രജിസ്റ്റർ ചെയ്യണം. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ തങ്ങളുടെ കീഴിലുള്ള പ്രൈമറി വിദ്യാലയങ്ങളിൽ പ്രധാന അദ്ധ്യാപകർക്ക് ഗൂഗിൾ ഫോം അയച്ചുകൊടുക്കണം. പ്രധാനാധ്യാപകർ സ്കൂളിലെ എല്ലാ അധ്യാപകരുടെയും വിവരങ്ങൾ ഗൂഗിൾ ഫോം വഴി എന്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം. എയ്ഡഡ് സ്കൂൾ പ്രധാന അധ്യാപകർ സ്കൂളിലെ നിയമനാംഗീകാരം ഉള്ള അധ്യാപകരുടെ വിവരങ്ങൾ രേഖപ്പെടുത്തിയാൽ മതി. ദിവസ വേതനത്തിൽ ജോലി ചെയ്യുന്നവരുടെ പേരുകൾ ഉൾപ്പെടുത്തേണ്ടതില്ലെന്നും നിർദേശമുണ്ട്. ഗർഭിണികളെയും രോഗാവസ്ഥയിൽ ഉള്ളവരെയും ഭിന്നശേഷിയുള്ള വരെയും പട്ടികയിൽ ഉൾപ്പെടുത്തരുത്. പരീക്ഷാ ഡ്യൂട്ടി ലഭിച്ച അധ്യാപകരെയും ഉൾപ്പെടുത്തേണ്ടതില്ല. കൊറോണയെ തുടർന്നുണ്ടായ പ്രതിസന്ധി ഘട്ടത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെയും അധ്യാപകരുടെയും സേവനം ആവശ്യമായി വന്നിട്ടുള്ളതെന്നും ഈ സാഹചര്യത്തിൽ അധ്യാപകർ മാതൃകയാകണമെന്നും ഉത്തരവിൽ പറയുന്നു. മതിയായ കാരണങ്ങളില്ലാതെ ഡ്യൂട്ടിയിൽ നിന്നും പിന്തിരിഞ്ഞു പോകാൻ പാടുള്ളതല്ല. ഡ്യൂട്ടിക്കായി നിയോഗിക്കപ്പെടുന്ന പക്ഷം അധ്യാപകർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നും ലഭിക്കുന്നതാണ്. കൊറോണ കെയർ സെന്ററുകളിൽ റിപ്പോർട്ടുകൾ നൽകാനാണ് അധ്യാപകരെ ചുമതലപ്പെടുത്തുകയെന്നു സൂചനയുണ്ട്. അവശ്യ സാഹചര്യം ഉണ്ടായാൽ മാത്രമേ ബന്ധപ്പെട്ട ജോലിക്കായി ഹാജരാകേണ്ടതുള്ളൂ. അധ്യാപകരുടെ ലിസ്റ്റ് വിവരങ്ങൾ ഇന്ന് രാത്രി 10 മണിക്ക് ഓഫീസിൽ ലഭ്യമാക്കേണ്ടതാനിന്നും മലപ്പുറം വിദ്യാഭ്യാസ ഉപ ഡയറക്ടർ കെ. എസ്. കുസുമം ഉത്തരവിട്ടു.

Share this post

scroll to top