ഉന്നത വിജയം നേടിയ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് 5000 രൂപയുടെ പ്രൊവിഷൻസി അവാർഡ് കൈമാറി

തിരുവനന്തപുരം : എസ്.എസ്.എൽ.സി, പ്ലസ് ടു വിഭാഗങ്ങളിൽ ഉന്നത വിജയം നേടിയ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് സംസ്ഥാന വികലാംഗ ക്ഷേമ കോർപറേഷൻ വഴി നൽകുന്ന പ്രൊവിഷൻസി അവാർഡ് തുകയായ 5,000 രൂപ കൈമാറി. 5000 രൂപ വീതം 300 വിദ്യാർത്ഥികളുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഇതിനായി 15 ലക്ഷം രൂപയാണ് സാമൂഹ്യനീതി വകുപ്പ് അനുവദിച്ചത്. എസ്.എസ്.എൽ.സി. ജനറൽ വിഭാഗത്തിൽ 101 പേർക്കും മാനസിക വെല്ലുവിളി നേരിടുന്ന വിഭാഗത്തിൽ 48 പേർക്കും പ്ലസ് ടു ജനറൽ വിഭാഗത്തിൽ 114 പേർക്കും ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന വിഭാഗത്തിൽ 37 പേർക്കുമാണ് ബാങ്ക് അക്കൗണ്ടിലേക്ക് തുക നൽകിയത്. കോവിഡ് കാലത്ത് ബുദ്ധിമുട്ട് നേരിടുന്ന ഘട്ടത്തിൽ 5,000 രൂപ വീതം പ്രൊവിഷൻസി അവാർഡ് ലഭിക്കുന്നത് ഈ വിഭാഗത്തിന് ഏറെ സഹായകരമാകുമെന്ന് മന്ത്രി വ്യക്തമാക്കി.എസ്.എസ്.എൽ.സി., പ്ലസ് ടു വിഭാഗത്തിൽ ബി ഗ്രേഡോ അതിന് മുകളിലോ നേടി വിജയിക്കുന്നവർക്ക് 2500 രൂപ വീതമാണ് പ്രതിവർഷം നൽകി വന്നിരുന്നത്. എന്നാൽ ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം ഈ തുക 5,000 രൂപയായി വർധിപ്പിക്കുകയും മാനസിക വെല്ലുവിളി നേരിടുന്നവരുടെ മാർക്ക് നിബന്ധന എടുത്തുകളയുകയും ചെയ്തു. ഡിഗ്രി തലം മുതൽ ഉന്നത വിജയം നേടുന്നവർക്ക് സാമൂഹ്യനീതി വകുപ്പും പ്രൊവിഷൻസി അവാർഡ്നൽകുന്നുണ്ട്. ഇതിന് പുറമേ ഡിഗ്രിതലം മുതൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വികലാംഗ ക്ഷേമ കോർപറേഷൻ നാല് ലക്ഷം രൂപ വരെ ഈടില്ലാതെയും 20 ലക്ഷം രൂപ വരെ ഈടോടെയും വിവിധ കോഴ്സുകൾ പഠിക്കുന്നതിന് നാമമാത്രമായ പലിശ നിരക്കിൽ വിദ്യാഭ്യാസ ലോണും ലഭ്യമാക്കി വരുന്നു.

Share this post

scroll to top