ഒന്ന് മുതൽ എട്ടുവരെയുള്ള ക്ലാസുകളിലെ മുഴുവൻ വിദ്യാർത്ഥികളെയും വിജയിപ്പിക്കുമെന്ന് സിബിഎസ്ഇ

ന്യൂഡൽഹി: കോവിഡ്-19 രോഗവ്യാപനത്തെ തുടർന്ന് പരീക്ഷകൾ മാറ്റിവെച്ചതിനാൽ ഒന്നുമുതൽ എട്ടുവരെയുള്ള ക്ലാസുകളിലെ മുഴുവൻ വിദ്യാർത്ഥികളെയും വിജയിപ്പിക്കുമെന്ന് സി.ബി.എസ്.ഇ. ഒൻപതാം ക്ലാസിലെയും 11-ാം ക്ലാസിലെയും വിദ്യാർഥികളെ ഇന്റേണൽ അസസ്മെന്റിന്റെ അടിസ്ഥാനത്തിൽ വിജയിപ്പിക്കുമെന്നും സി.ബി.എസ്.ഇ അധികൃതർ അറിയിച്ചു. പ്രോജക്ട് വർക്ക്, ടേം പരീക്ഷകൾ, അസൈൻമെന്റുകൾ തുടങ്ങിയവയിലെ വിദ്യാർഥികളുടെ പ്രകടനം വിലയിരുത്തിയാവും ഈ ക്ലാസുകളിൽ വിജയം നിർണയിക്കുക. നിലവിലെ സാഹചര്യത്തിൽ 10, 12 ക്ലാസുകളിലെ പരീക്ഷകൾ എപ്പോൾ നടത്താനാകുമെന്ന് പറയാനാകില്ല. ഉപരിപഠനത്തിന് നിർണായകമായ പ്രധാന വിഷയങ്ങളിൽ മാത്രമേ lഇനി പരീക്ഷ നടത്തൂ. സ്ഥിതിഗതികൾ വിലയിരുത്തി പരീക്ഷാത്തീയതികൾ സംബന്ധിച്ച് എത്രയും വേഗത്തിൽ തീരുമാനമെടുക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും സി.ബി.എസ്.ഇ അധികൃതർ പറഞ്ഞു. പരീക്ഷ നടത്താനുള്ള വിവിധ വിഷയങ്ങളുടെ പട്ടിക സി.ബി.എസ്.ഇ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വാർത്താകുറിപ്പിൽ നൽകിയിട്ടുണ്ട്.നിലവിലെ സാഹചര്യത്തിൽ മൂല്യനിർണയം പുനരാരംഭിക്കാനാവില്ലെന്നും അധികൃതർ വ്യക്തമാക്കി. വ്യാജ വാർത്തകൾ വിശ്വസിക്കരുതെന്നും സി.ബി.എസ്.ഇ മുന്നറിയിപ്പു നൽകി. എല്ലാ വിവരങ്ങളും ഔദ്യോഗിക വെബ്സൈറ്റായ  www.cbse.nic.in-ൽ പ്രസിദ്ധീകരിക്കുമെന്നും സി.ബി.എസ്.ഇ വ്യക്തമാക്കുന്നു

Share this post

scroll to top