തിരുവനന്തപുരം: വിവിധ കാരണങ്ങള്‍ കൊണ്ട് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കാന്‍ കഴിയാത്ത സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇനിമുതല്‍ വീടിന് സമീപമെത്തുന്ന പോലീസിന്‍റെ ഷെല്‍ട്ടര്‍ വാഹനങ്ങളില്‍ പരാതി നല്‍കാം.
പരസഹായമില്ലാതെ യാത്രചെയ്യാന്‍ കഴിയാത്തവര്‍, അസുഖബാധിതര്‍, വീട്ടില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കഴിയാത്ത ജീവിതസാഹചര്യമുളളവര്‍, കുട്ടികള്‍ എന്നിവര്‍ക്ക് വേണ്ടിയാണ് പോലീസിന്‍റെ പുതിയ പദ്ധതി. ഇതിനായി പ്രത്യേകം സജ്ജീകരിച്ച വാഹനത്തില്‍ ഒരു വനിതാ പോലീസ് ഓഫീസറും രണ്ട് വനിതാ പോലീസ് ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം ആഴ്ചയില്‍ ആറ് ദിവസം തിരഞ്ഞെടുത്ത സ്ഥലങ്ങളിലെത്തി പരാതി സ്വീകരിക്കും. 2020 സ്ത്രീസുരക്ഷാ വര്‍ഷമായി ആചരിക്കുന്നതിന്‍റെ ഭാഗമായി കേരള പോലീസ് നടപ്പിലാക്കിയ ഈ പദ്ധതി വനിതാ ദിനത്തില്‍ കോഴിക്കോട് സിറ്റിയില്‍ നിലവില്‍ വന്നു. അശരണരും ആലംബഹീനരുമായ സ്ത്രീകളില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും ഭയമില്ലാതെ അവരുടെ പരാതികള്‍ പറയുന്നതിന് പ്രാപ്തരാക്കുന്നതിനും ഉദ്ദേശിച്ചുളളതാണ് പുതിയ പദ്ധതി.
