തിരുവനന്തപുരം: സംസ്ഥാനത്തെ ഭിന്നശേഷിക്കാരായ സർക്കാർ/ അർദ്ധ സർക്കാർ/ പൊതുമേഖല സഹകരണ മേഖലയിലെ സ്ഥിരം ജീവനക്കാർക്ക് നാമമാത്രമായ പലിശ നിരക്കിൽ സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ വാഹന/ ഉപകരണ വായ്പയും നവസംരംഭകർക്ക് സ്വയംതൊഴിൽ സംരംഭം തുടങ്ങുന്നതിനുവേണ്ടി സ്വയം തൊഴിൽ വായ്പയും നൽകുന്നു.
നവസംരംഭകർക്ക് സ്വയം തൊഴിൽ വായ്പയായി 50 ലക്ഷം രൂപവരെ ഏഴ് വർഷം വരെയുള്ള കാലാവധിയിൽ ലഭിക്കും. വസ്തു ജാമ്യം/ ഉദ്യോഗസ്ഥ ജാമ്യ വ്യവസ്ഥയിൽ നാല് മുതൽ ഒൻപത് ശതമാനം പലിശ നിരക്കിലാണ് വായ്പ അനുവദിക്കുക.
ഭിന്നശേഷിക്കാരായ ജീവനക്കാർക്ക് വാഹന/ ഉപകരണ വായ്പ നെറ്റ് സാലറിയുടെ 25 ഇരട്ടിവരെ പരമാവധി ഏഴ് വർഷത്തേക്കാണ് ലഭിക്കുക. ഉദ്യോഗസ്ഥ ജാമ്യ വ്യവസ്ഥയിൽ പലിശ നിരക്ക് അഞ്ച് മുതൽ ഒൻപത് ശതമാനമാണ്.
ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് ഡിഗ്രി മുതൽ ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാഭ്യാസ വായ്പ ലഭിക്കും. സ്ത്രീകൾക്കും തിരഞ്ഞെടുക്കപ്പെട്ട ഭിന്നശേഷിക്കാർക്കും 50,000 രൂപ വരെയുള്ള വായ്പകൾക്ക് ഒരു ശതമാനം പലിശ ഇളവ് ലഭിക്കും. അഞ്ച് ലക്ഷം രൂപ വരെയുള്ള സ്വയം തൊഴിൽ വായ്പകൾ നിബന്ധനകൾക്ക് വിധേയമായി 20 ശതമാനം വരെ സബ്‌സിഡി ലഭിക്കും. വിശദവിവരങ്ങൾക്കും അപേക്ഷാഫോറത്തിനും കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ, പൂജപ്പുര, തിരുവനന്തപുരം- 695012 എന്ന വിലാസത്തിൽ ബന്ധപ്പെടുക. ഫോൺ: 0471-2347768, 7152, 7153, 7156. ഇ-മെയിൽ: www.hpwc.kerala.gov.in.
