തിരുവനന്തപുരം: പരീക്ഷാക്കാലത്ത് ഭക്ഷണം കഴിക്കാതെയും ഉറക്കം ഉപേക്ഷിച്ചും പഠിക്കുന്നവരാണ് ഭൂരിഭാഗം കുട്ടികളും. പഠനത്തോടൊപ്പം തന്നെ പ്രധാനപ്പെട്ടതാണ് ശാരീരിക-മാനസികാരോഗ്യവും. പരീക്ഷാക്കാലത്ത് നന്നായി പഠിക്കുന്നതിനോടൊപ്പം പോഷക മൂല്യങ്ങള്‍ ഏറിയ ഭക്ഷണങ്ങളും കഴിക്കണം. പ്രഭാത ഭക്ഷണം മുതല്‍ അത്താഴം വരെ ശ്രദ്ധവേണം. റിവിഷന്‍ സമയത്തും പരീക്ഷാക്കാലത്തും അമിത ഭക്ഷണം കഴിക്കാതെ എളുപ്പം ദഹിക്കുന്ന ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കണം. പാല്‍, മുട്ട, പയറുവര്‍ഗങ്ങള്‍ എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം. കൂടാതെ ധാരാളം വെള്ളം കുടിക്കണം. തിളപ്പിച്ചാറിയ വെള്ളം, നാരാങ്ങ വെള്ളം, മോര് എന്നിവ കുടിക്കുന്നതും നല്ലതായിരിക്കും. ശരീരത്തില്‍ ജലാംശം കുറയുന്നത് പഠനത്തെ ബാധിക്കാന്‍ സാധ്യതയുണ്ട്. ജലാംശം ധാരാളം അടങ്ങിയ പഴങ്ങള്‍ കഴിക്കാനും ശ്രമിക്കുക. ബേക്കറി പലഹാരങ്ങള്‍, ഫാസ്റ്റ് ഫുഡ് എന്നിവ നിര്‍ബന്ധമായും ഒഴിവാക്കണം. മധുരം അധികം അടങ്ങിയതിനാല്‍ ചോക്ലേറ്റ്, ഡെസര്‍ട്ടുകള്‍, മിഠായികള്‍ ഇവയും ഒഴിവാക്കുക. കോള പോലുള്ള മധുര പാനീയങ്ങളും ഒഴിവാക്കണം. ചായ,കാപ്പി തുടങ്ങിയവയുടെ ഉപയോഗം കുറയ്ക്കുക.
ഭക്ഷണം പോലെ തന്നെ മതിയായ ഉറക്കവും വളരെ പ്രധാനമാണ്. പതിവായി ഉറങ്ങുന്ന സമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യണം. ഉറക്കമൊഴിഞ്ഞുള്ള പഠനം ഒഴിവാക്കണം. ഉറങ്ങുന്നതിന് മുന്‍പ് ചെറു ചൂടുവെള്ളത്തില്‍ കുളിക്കുന്നത് ശരീരത്തിനും മനസിനും നല്ല സുഖം ലഭിക്കുന്നതിനും നല്ല ഉറക്കം ലഭിക്കുന്നതിനും സഹായിക്കും. പ്രാര്‍ത്ഥന, പാട്ട് കേള്‍ക്കല്‍ എന്നിവ ഉറക്കത്തിന് സഹായിക്കും. കൂടാതെ ദിവസേന വ്യായാമം ശീലമാക്കാനും ശ്രദ്ധിക്കണം. ശരീരത്തിന് ആവശ്യമായ ഓക്‌സിജന്‍ ലഭിക്കാനും രക്ത ചംക്രമണം വര്‍ധിപ്പിക്കാനും വ്യായാമം സഹായിക്കും. ശരീരവും മനസും ഊര്‍ജസ്വലമാകാനും പരീക്ഷ എഴുതുമ്പോള്‍ ആത്മവിശ്വാസം വര്‍ധിക്കാനും വ്യായാമം ഉപകരിക്കും.
