എസ്എസ്എൽസിക്ക് ഗ്രേസ്മാർക്ക് നൽകാൻ ഉത്തരവ്

തിരുവനന്തപുരം: കൈറ്റ്‌സിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ലിറ്റിൽ കൈറ്റ്‌സ് ഐ.ടി. ക്ലബ്ബുകളിലെ ‘എ’ ഗ്രേഡ് നേടിയ കുട്ടികൾക്ക് എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് അഞ്ച് ശതമാനം ഗ്രേസ് മാർക്ക് അനുവദിച്ച് സർക്കാർ ഉത്തരവായി. ഹൈടെക് സ്‌കൂളുകളിലെ സംവിധാനങ്ങൾ ഫലപ്രദമായി ഉപയോഗപ്പെടുത്താനും സ്‌കൂളിലെ മറ്റു കുട്ടികൾക്കൊപ്പം പൊതുസമൂഹത്തിനും സാങ്കേതികവിദ്യാ പരിശീലനം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്തുന്ന ‘ലിറ്റിൽ കൈറ്റ്‌സ്’ ക്ലബ്ബിലെ കുട്ടികളുടെ മാതൃകാപരമായ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് സർക്കാർ ഗ്രേസ് മാർക്ക് അനുവദിക്കാൻ തീരുമാനിച്ചതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് അറിയിച്ചു. പ്രത്യേക അഭിരുചി പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെട്ട ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾക്ക് ഇലക്ട്രോണിക്‌സ്, അനിമേഷൻ, ഭാഷാ കമ്പ്യൂട്ടിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്‌സ്, സൈബർ സുരക്ഷ തുടങ്ങിയ മേഖലകളിൽ പ്രത്യേക പരിശീലനം നൽകുന്നുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടക്കുന്ന ഒരു പദ്ധതിയ്ക്ക് ആദ്യമായാണ് സർക്കാർ ഗ്രേസ് മാർക്ക് ഏർപ്പെടുത്തുന്നത്. ലിറ്റിൽ കൈറ്റ്‌സ് പദ്ധതിയിലെ പരിശീലനങ്ങളിലെ പങ്കാളിത്തം, അസൈൻമെന്റ് പൂർത്തീകരണം, ഹാജർനില, പ്രത്യേക മൂല്യ നിർണയം എന്നിവയ്ക്ക് ലഭിക്കുന്ന സ്‌കോറിന്റെ അടിസ്ഥാനത്തിൽ മുഴുവൻ കുട്ടികൾക്കും എ, ബി, സി ഗ്രേഡിലുള്ള സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കിയിട്ടുണ്ട്.

Share this post

scroll to top