ന്യൂഡൽഹി: ചാർട്ടേർഡ് അക്കൗണ്ടന്റ് പരീക്ഷ ഓൺലൈനായി നടത്താനാകില്ലെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ) സുപ്രീം കോടതിയെ അറിയിച്ചു. വിവരണാത്മക രീതിയിലുള്ള പരീക്ഷയായതിനാൽ ഓൺലൈനായി പരീക്ഷ നടത്തുന്നത് വിദ്യാർത്ഥികളുടെ വിശകലന ശേഷി മനസ്സിലാക്കാൻ സാധിക്കില്ലെന്നും ഐ.സി.എ.ഐ കോടതിയെ ബോധ്യപ്പെടുത്തി. കോവിഡ് പ്രതിസന്ധിയിൽ ഓഫ്‌ലൈനായി പരീക്ഷ നടത്തുന്നതിനെതിരെ പരാതികൾ ഉണ്ടായിരുന്നു.
പരീക്ഷാർത്ഥികൾക്കായി സ്വീകരിച്ചിട്ടുള്ള സുരക്ഷാനടപടികൾ സി.എ.ഐയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന്
ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ, ദിനേഷ് മഹേശ്വരി, സഞ്ജീവ് ഖന്ന എന്നിവരുൾപ്പെട്ട ബെഞ്ച് ആവശ്യപ്പെട്ടു. എന്നാൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 100 പേരിൽ കൂടുതൽ ഉണ്ടാകാൻ പാടില്ലെന്ന കേന്ദ്ര സർക്കാർ നിർദ്ദേശമുൾപ്പെടെ വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കായുള്ള ഒരു നടപടികളും ഐ.സി.എ.ഐ എടുത്തിട്ടില്ലെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ ബാൻസുരി സ്വരാജ് അറിയിച്ചു. പരീക്ഷാർത്ഥികൾക്ക് താമസം, ഗതാഗത സൗകര്യം, പരീക്ഷാ നടത്തിപ്പ് തുടങ്ങി ഹർജിക്കാരുടെ എല്ലാ നിർദേശങ്ങളും പരിശോധിച്ചെന്നും പലതും നടപ്പാക്കാൻ കഴിയാത്തവയാണെന്നും, എന്നാൽ ഓൺലൈനായി നടത്തുന്നത് സാധ്യമല്ലെന്നുമാണ് ഐ.സി.എ.ഐ.യ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാംജി ശ്രീനിവാസൻ കോടതിയ്ക്ക് നൽകുന്ന വിശദീകരണം. നവംബർ 21 മുതൽ ഡിസംബർ 14 വരെയാണ് സി.എ പരീക്ഷ നടത്താനിരിക്കുന്നത്.