തേഞ്ഞിപ്പലം: വിദൂര വിദ്യാഭ്യാസ കോഴ്സുകളിൽ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാൻ ഈ വർഷത്തേക്ക് കൂടി അനുമതി നല്കണമെന്ന് ആവശ്യപ്പെട്ട് കാലിക്കറ്റ് സർവകലാശാല സർക്കാരിന് നിവേദനം നൽകി. ഓപ്പൺ സർവകലാശാലയുടെ പ്രാരംഭപ്രവർത്തനങ്ങൾക്കും പ്രവേശനത്തിനും കുറഞ്ഞത് ഒരുവർഷം ആവശ്യമുണ്ടെന്ന വസ്തുത കണക്കിലെടുത്താണിത്.
ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ ഓർഡിനൻസ് കഴിഞ്ഞ ദിവസം ഗവർണർ ഒപ്പിട്ടിരുന്നു.
ഇതോടെ, മറ്റു സർവകലാശാലകൾക്ക് വിദൂരവിദ്യാഭ്യാസവും പ്രൈവറ്റ് രജിസ്‌ട്രേഷനും ഇനി തുടരാനാകില്ല. എന്നാൽ അടിസ്ഥാനസൗകര്യങ്ങളൊരുക്കാതെയാണ് സംസ്ഥാനത്തെ ആദ്യ ഓപ്പൺ സർവകലാശാല ആരംഭിക്കുന്നതെന്ന് വിമർശനങ്ങളുണ്ട്. നിലവിലെ സാഹചര്യത്തിൽ വിദൂര വിദ്യാഭ്യാസ കോഴ്‌സുകൾ തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കമ്മിറ്റി ചെയർമാൻ ആർ.എസ്. ശശികുമാറും സെക്രട്ടറി എം. ഷാജിർഖാനും ഗവർണർക്കും സർക്കാരിനും നിവേദനം നൽകി.