
ന്യൂഡൽഹി: കേന്ദ്രധനകാര്യമന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ ഇക്കണോമിക് സർവീസ്(ഐ.ഇ.എസ്) പരീക്ഷ– 2020 ന് യൂണിയൻ പബ്ലിക് സർവീസ് വിജ്ഞാപണം പ്രസിദ്ധീകരിച്ചു. അംഗീകൃത സർവകലാശാലയിൽനിന്ന് ഇക്കണോമിക്സ്/അപ്ലൈഡ് ഇക്കണോമിക്സ്/ബസിനസ് ഇക്കണോമിക്സ്/ ഇക്കണോമെട്രിക്സ് ബിരുദാനന്തരബിരുദമാണ് അപേക്ഷിക്കാനാവശ്യമായ വിദ്യാഭ്യാസ യോഗ്യത. ഐ.ഇ.എസ്. പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായപരിധി 21 വയസ്സും കൂടിയത് 30 വയസ്സുമാണ്. ഉയർന്ന പ്രായത്തിൽ എസ്.സി./എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷവും ഒ.ബി.സി.ക്കാർക്ക് മൂന്നുവർഷവും ഇളവ് ലഭിക്കും. രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ ഒക്ടോബർ 16 മുതൽ എഴുത്തു പരീക്ഷ നടത്തും. കേരളത്തിൽ തിരുവനന്തപുരമാണ് പരീക്ഷാ കേന്ദ്രം. ചെന്നൈയും ബെംഗളൂരുവുമാണു കേരളത്തിനു തൊട്ടടുത്ത കേന്ദ്രങ്ങൾ.
രണ്ടു ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ്. ഒന്നാമത്തെ ഘട്ടം എഴുത്തുപരീക്ഷയാണ്. വിവിധ വിഷയങ്ങളിലായി 1000 മാർക്കിന്റെ എഴുത്തുപരീക്ഷയായിരിക്കും. രണ്ടാംഘട്ടം ഇന്റർവ്യൂവാണ്. 200 ആണ് പരമാവധി മാർക്ക്. വിശദമായ പരീക്ഷാ സിലബസ് വെബ്സൈറ്റിൽ ലഭിക്കും. 200 രൂപയാണ് അപേക്ഷാഫീസ്. എസ്‌ബിഐ നെറ്റ് ബാങ്കിങ് സൗകര്യം ഉപയോഗിച്ചും വിസാ/ മാസ്‌റ്റർ/ റുപേ/ ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് മുഖേനയും ഫീസടയ്‌ക്കാവുന്നതാണ്. ഏതെങ്കിലും എസ്‌ബിഐ ശാഖയിൽ നേരിട്ടും ഫീസ് അടയ്‌ക്കാം. സ്‌ത്രീകൾക്കും പട്ടികവിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും ഫീസില്ല. ഓഗസ്റ്റ് 31 വരെ നേരിട്ടു പണമായും സെപ്റ്റംബർ ഒന്നു വരെ ഓൺലൈനായും ഫീസടയ്ക്കാം. www.upsconline.nic.in എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.