
ന്യൂഡൽഹി: രാജ്യത്ത് സ്കൂളുകൾ ഉടൻ തുറക്കാൻ കഴിയില്ല. അതേസമയം സ്‌കൂളുകളിലെയും കോളജുകളിലെയും വാർഷിക പരീക്ഷ നടത്താൻ ആലോചിക്കുന്നതായി കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം. രാജ്യത്ത് അനുദിനം കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ സ്കൂളുകൾ തുറക്കുന്നത് കൂടുതൽ പ്രത്യാഘാതമുണ്ടാക്കുമെന്ന് അഭിപ്രായങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഡിസംബർ മാസത്തോടുകൂടി കോവിഡ് ആശങ്ക കുറയുമെന്നാണ് കണക്കുകൂട്ടൽ. ഈ സാഹചര്യം നിലവിൽ വന്നാൽ സ്കൂളുകൾ തുറക്കുന്നതിനെക്കുറിച്ച് ആലോചിക്കും. 11, 12 ക്ലാസ്സുകളായിരിക്കും ആദ്യഘട്ടത്തിൽ തുറക്കുക. രാജ്യത്ത് ഓൺലൈൻ ക്ലാസുകൾ പ്രോത്സാഹിപ്പിക്കുമ്പോഴും ആകെ 60 ശതമാനം വിദ്യാർത്ഥികൾക്ക് മാത്രമേ ഇവ ലഭിക്കുന്നുള്ളു. ഈ സാഹചര്യത്തിൽ ഓൺലൈൻ പഠനം സാധ്യമല്ലാത്ത വിദ്യാർഥികളുടെ പഠനം ആശങ്കയിലാകുമെന്ന കണക്കുകൂട്ടലുകളുണ്ട്. സെപ്റ്റംബറിൽ സ്കൂളുകൾ തുറക്കാൻ ആലോചിക്കുന്നതായി കേന്ദ്രസർക്കാർ നേരത്തെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദ്ദേശം വന്നിരിക്കുന്നത്. ഇതുസംബന്ധിച്ചുള്ള അന്തിമ തീരുമാനം കേന്ദ്രസർക്കാർ വ്യക്തമാകുമെന്നാണ് അറിയുന്നത്.
